തിരുവനന്തപുരം: വ്യക്തി പൂജയ്ക്ക് എതിരാണെന്ന് പറയുന്ന സിപിഎം ഒരു വൈതാളിക സംഘമായി മാറിയിരിക്കുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. കമ്യൂണിസ്റ്റ് നേതാക്കളെ എപ്പോഴും ഏകാധിപതികളാക്കി മാറ്റിയത് സ്തുതിപാഠകരും വിദൂഷകന്മാരുമാണ്. റഷ്യയിലെ സ്റ്റാലിനും ചൈനയിലെ മാവോ സേതുങും ഉത്തര കൊറിയയിലെ കിം ഇൽ സുങും ചരിത്രത്തിലെ ചില ഉദാഹരണങ്ങൾ മാത്രം.
പിണറായി വിജയനെ കത്തുന്ന സൂര്യൻ, കാരണഭൂതൻ, ഇതിഹാസ പുരുഷൻ, നാടിന്റെ വരദാനം, കാപ്റ്റൻ എന്നൊക്കെ വിശേഷിപ്പിച്ചത് പാർട്ടി സെക്രട്ടറിയും മന്ത്രിമാരുമാണ്. ഇവരൊക്കെ കണ്ണേ കരളേ എന്നൊക്കെ പണ്ട് വിളിച്ചിരുന്ന ആൾ ആരും തിരിഞ്ഞു നോക്കാതെ ഇപ്പോൾ വീട്ടിലിരിക്കുന്നു.
മുഖ്യമന്ത്രിയെ ഇപ്പോൾ സ്തുതിക്കുന്നത് വാഴുന്ന കൈകൾക്ക് വളയിടുന്ന അവസരവാദികളാണ്. പ്രതികൂല ശത്രുക്കളേക്കാൾ അദ്ദേഹം ഭയക്കേണ്ടത് അനുകൂല ശത്രുക്കളെയാണ്. ആരോഗ്യകരമായ മാധ്യമ വിമർശനങ്ങൾ രാഷ്ട്രീയ നേതാക്കൾക്ക് ആത്മ പരിശോധനയിലൂടെ തെറ്റുതിരുത്താനുള്ള ഉപാധിയാണ്. ജനാധിപത്യ സംവിധാനത്തിന്റെ കാവലാളുകളായ മാധ്യമങ്ങളെ ഭയക്കുന്നവരും സ്തുതി ഗീതങ്ങളിൽ ആനന്ദം കൊള്ളുന്നവരും ഭീരുക്കളാണ്- ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
സിപിഎം നിയന്ത്രണത്തിലുള്ള കേരള സെക്രട്ടേറിയറ്റ് അസോസിയേഷനിലെ ഗ്രൂപ്പു മത്സരത്തിന്റെ ഭാഗമായാണ് ഒരു വിഭാഗം മുഖ്യമന്ത്രിയെ സ്വാധീനിക്കാൻ സ്തുതിഗീതം ആലപിക്കുന്നത്. ഇവർ തന്നെയാണ് ഹൈക്കോടതി വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റ് ഗേറ്റിനു സമീപം മുഖ്യമന്ത്രിയുടെ കട്ട് ഔട്ട് ഉൾപ്പെട്ട ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.