പറവൂർ (കൊച്ചി): പറവൂർ ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ ഇരുന്പുവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഒരാളുടെ നില അതീവഗുരുതരമാണ്. കൃത്യം നടത്തിയ അയൽവാസിയായ യുവാവ് വടക്കേക്കര പോലീസിൽ കിഴടങ്ങി. ഇന്നലെ വൈകുന്നേരം ആറരയോടെ ചേന്ദമംഗലം കിഴക്കേപ്രം പേരേപാടത്താണ് നാടിനെ നടുക്കിയ സംഭവം.
കാട്ടിപറന്പിൽ വേണു (65), ഭാര്യ ഉഷ (58), മകൾ വിനീഷ (32) എന്നിവരാണു മരിച്ചത്. വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിനെ ഗുരുതരനിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനു ശേഷം പ്രതി കണിയാംപറന്പിൽ ഋതു ജയൻ (27) വടക്കേക്കര പോലീസിൽ കീഴടങ്ങുകയായിരുന്നു.
മയക്കുമരുന്നിന് അടിമയായ ഇയാൾ ഇയാൾ മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ജിതിൻ ബോസിന്റെ പരാതിയെത്തുടർന്ന് പോലീസ് ഋതുവിനെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു.
ഇതിനെത്തുടർന്നുണ്ടായ പ്രകോപനമാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചത്. ഇന്നലെ വൈകുന്നേരം ഒരു ഇരുന്പും പൈപ്പും രണ്ടു കത്തികളുമായി ജിതിന്റെ വീട്ടിലെത്തിയ ഋതു കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയശേഷമാണ് കൂട്ടക്കൊല നടത്തിയത്.
നാലുപേരുടെയും തലയ്ക്ക് ഇരുന്പുവടികൊണ്ട് അടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേർ മരിച്ചിരുന്നു. വിനീഷയുടെ മക്കളായ ആരാധ്യ, അവനി എന്നിവർ സംഭവത്തിന് ദൃക്സാക്ഷികളാണ്.