തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി കാമുകനായ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്. ശിക്ഷാ വിധി നാളെയുണ്ടാകും.
ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്. 2022 ഒക്ടോബർ 14നായിരുന്ന ഷാരോണ്‍ കഷായം കുടിച്ചത്.
ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരിച്ചു. മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. കഴിഞ്ഞ വഷം ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് വിസ്തരിച്ചത്. പാറശാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.