കോട്ടയം: അധ്യയനവര്‍ഷം അവസാനിക്കാറായിട്ടും സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്കുള്ള സര്‍ക്കാര്‍ വിഹിതം നാലു മാസമായി കുടിശിക.
പാചകത്തൊഴികള്ക്ക് രണ്ടു മാസത്തെ വേതനം നല്‍കിയിട്ടില്ല. സംസ്ഥാനത്ത് 150 കോടി രൂപ കുടിശികയായ സാഹചര്യത്തില്‍ ഉച്ചഭക്ഷണ ചുമതലയിലുള്ള പ്രധാന അധ്യാപകര്‍ നാളെമുതല്‍ പദ്ധതിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.
നിലവില്‍ പ്രധാന അധ്യാപകര്‍ ശമ്പളത്തില്‍നിന്ന് പണം മുടക്കിയാണ് പച്ചക്കറിയും പലവ്യഞ്ജനങ്ങളും പാചകവാതകവും വാങ്ങുന്നത്. അരി മാത്രം സപ്ലൈകോയില്‍നിന്ന് എത്തിക്കും. ഇതിനുള്ള വാഹനച്ചെലവും അധ്യാപകന് കണ്ടെത്തണം. റേഷന്‍ വിതരണ കരാറുകാര്‍ പണിമുടക്കിലായതോടെ സപ്ലൈകോയില്‍ ഉള്‍പ്പെടെ അരി സ്റ്റോക്കില്ല.
പാചകത്തൊഴിലാളികള്‍ക്കുള്ള വേതനവും അധ്യാപകരാണ് നല്‍കിവരുന്നത്. കേന്ദ്രവിഹിതം ലഭിക്കുന്നില്ലെന്ന പേരില്‍ പാചകത്തൊഴിലാളി വേതനം മാസം ആയിരം രൂപ കുറച്ചാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നത്.
മാര്‍ച്ച് 31ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്ക് അവര്‍ മുന്‍കൂര്‍ ചെലവഴിച്ച പണം തിരികെ ലഭിക്കാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടിവരും. പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുത്തനെ കയറുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് വലിയ ബാധ്യതയാണ് ഉച്ചഭക്ഷണ വിതരണം.
സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ഇല്ലാതാകുന്ന സാഹചര്യമുണ്ടായിട്ടും സര്‍ക്കാര്‍ കടുത്ത അനാസ്ഥയാണ് പുലര്‍ത്തുന്നത്. ചില സ്കൂളുകളില്‍ പാലും മുട്ടയും നിർത്തിവച്ചു.