ചാത്തന്നൂർ: ഗതാഗത നിയമലംഘനത്തിന് ഒരു വാഹനത്തിന് എത്ര പിഴ ശിക്ഷ കിട്ടിയിട്ടുണ്ടെങ്കിലും പിഴ ഓരോന്നായി അടയ്ക്കാൻ സംവിധാനമൊരുങ്ങുന്നു.ഒരാൾക്ക് വിവിധ കുറ്റങ്ങളിലായി പല തുകകൾക്കുള്ള നാല് പിഴ ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ ഇതെല്ലാം കൂടി ഒന്നിച്ച് മൊത്തം തുക അടയ്ക്കണമെന്നതാണ് നിലവിലെ രീതി.
സാധാരണ വരുമാനക്കാർക്കും ഓട്ടോ തൊഴിലാളികൾക്കും ടാക്സി ഡ്രൈവർമാർക്കുംഇത് ഒന്നിച്ച് നൽകാനാവാതെ പിഴ അടയ്ക്കൽ നീളുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. പിഴ തവണകളായി ഈടാക്കുന്നതിന് സോഫ്റ്റ് വെയർ അപ്ഡേഷൻ നടന്നു വരികയാണ്. ഇത് പൂർത്തിയായാലുടൻ തവണകളായി പിഴ സ്വീകരിച്ചു തുടങ്ങും. അധികം വൈകാതെ സംവിധാനം നിലവിൽ വരും.
തെറ്റായ പാർക്കിംഗ്, അമിത വേഗം, അശ്രദ്ധയോടെ ഡ്രൈവിംഗ്, യൂണിഫോം ധരിക്കാതെയുള്ള ടാക്സി ഡ്രൈവിംഗ്, എയർ ഹോൺ മുഴക്കൽ, ലൈറ്റ് ഡിമ്മും ബ്രൈറ്റും ചെയ്യാതിരിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് വ്യത്യസ്തപിഴകളുണ്ട്.
നിലവിൽ ഇവയിൽ മൂന്നോ നാലോ കുറ്റങ്ങൾവന്നെങ്കിൽ അതെല്ലാം ഒന്നിച്ച് പലരും അടയ്ക്കുന്നില്ലെന്നും വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ആട്ടോ-ടാക്സി തൊഴിലാളികൾക്കും ഏറെ പ്രയോജനപ്പെടും വിധത്തിലാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത് എന്ന് മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ഓരോ ദിവസവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചെയ്യുന്ന ജോലികൾ അന്നുതന്നെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തണം. ഡ്രൈവിംഗ് ടെസ്റ്റുകൾ, വാഹന പരിശോധനകൾ തുടങ്ങി എല്ലാം. ഉച്ചയ്ക്ക് ശേഷം ആർ.ടി ഓഫീസുകളിൽ അതത് ഓഫീസിലെ ഉദ്യോഗസ്ഥർക്കല്ലാതെ മറ്റാർക്കും പ്രവേശനം അനുവദിക്കുകയുമില്ല.
- പ്രദീപ് ചാത്തന്നൂർ