മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ മുംബൈയിലെ ബാന്ദ്രയിലുള്ള ഹൈറൈസ് അപ്പാർട്ട്മെന്റില്‍ അതിക്രമിച്ചു കയറി മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പോലീസിനെ കുഴയ്ക്കുന്നു. ആക്രമണശേഷം രക്ഷപ്പെട്ട പ്രതിയെ ഇതുവരെ പിടികൂടാനാവാത്തതും പോലീസിനു കടുത്ത വെല്ലുവിളിയായി. അക്രമിയുടെ സിസിടിവി ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
12 നിലകളുള്ള അപ്പാർട്ട്മെന്റിലെ 11ാം നിലയിലായിരുന്നു സെയ്ഫ് അലി ഖാനും കുടുംബവും താമസിച്ചിരുന്നത്. വലിയ സുരക്ഷാസംവിധാനങ്ങളും കാവൽക്കാരുള്ള അപ്പാർട്ട്മെന്റിൽ അക്രമിക്ക് എങ്ങനെ കടക്കാനായെന്നതാണു പ്രധാന ചോദ്യം. ഉള്ളിൽ കടന്ന അക്രമി കൃത്യമായി ആദ്യം കുട്ടികളുടെ മുറിയിലാണു പ്രവേശിച്ചത്. കെട്ടിടത്തെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ് ആക്രമി എന്ന് ഇതു തെളിയിക്കുന്നു.
അക്രമി ഫയർ എസ്കേപ്പ് വഴിയാണ് കെട്ടിടത്തില്‍ കയറിയതും രക്ഷപ്പെട്ടതും എന്നാണു നിഗമനം. ആകെ ഒരു സിസിടിവിയില്‍ മാത്രമാണ് ആക്രമിയുടെ ദൃശ്യം പതിഞ്ഞത്. കെട്ടിടത്തിലെ സിസിടിവി സംവിധാനംപോലും ആക്രമിക്ക് പരിചിതമായിരുന്നോ എന്ന സംശയവും ഇത് ഉയർത്തുന്നു. സ്ഥിരമായി എല്ലായിടത്തും പ്രവേശനമുള്ള ആരെങ്കിലും ആക്രമണം സുഗമമാക്കാൻ സഹായിച്ചിരിക്കാം എന്ന സംശയം ശക്തമാണ്. സെയ്ഫ് അലി ഖാന്റെ ജീവനക്കാരെയും തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
സെയ്ഫ് അലി ഖാനു പുറമെ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കരീന കപൂർ, അവരുടെ രണ്ട് മക്കളായ നാല് വയസുള്ള ജെഹ്, എട്ട് വയസുള്ള തൈമൂർ, അഞ്ച് സഹായികള്‍ എന്നിവർ ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നു. അക്രമിയെ ആദ്യം നേരിട്ടത് സെയ്ഫിന്റെ ഇളയമകന് ജെഹിന്റെ ആയയായ എലിയാമ്മ ഫിലിപ്പാണ്. അക്രമി ഇവരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടെന്നും ബഹളം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ ആക്രമണം നടത്തുകയായിരുന്നുവെന്നും പറയുന്നു.
കഴുത്തിലുൾപ്പെടെ ആറ് കുത്തേറ്റ സെയ്ഫ് അലി ഖാൻ, ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം അപകടനില തരണം ചെയ്തിട്ടുണ്ട്. നട്ടെല്ലിൽ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിൽ ഓട്ടോറിക്ഷയിലാണ് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് വിവരം. മുംബൈയിലെ ഏറ്റവും സുരക്ഷിതമായ പാർപ്പിട മേഖലകളിലൊന്നിൽ നടന്ന ആക്രമണം മഹാരാഷ്ട്ര സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആരോപണമായി പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.