ബംഗളൂരു: കർണാടകയിലെ ബിദറിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്ന് എടിഎം കൊള്ള നടത്തിയ രണ്ടു പ്രതികളെയും കർണാടക പോലീസ് സാഹസികമായി പിടികൂടി. ഹൈദരാബാദിൽനിന്നാണ് ഇരുവരും പിടിയിലായത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനുനേരേ പ്രതികൾ വെടിയുതിർത്തതോടെ പോലീസും തിരിച്ചു വെടിവച്ചു. ഇതിൽ ഒരു പ്രതിക്ക് പരിക്കേറ്റിട്ടുണ്ട്.
ബിദറിലെ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് ഇന്നലെ രാവിലെ 11 ഓടെ വൻ കൊള്ള നടന്നത്. ബാങ്കിന്റെ തൊട്ടടുത്തുതന്നെയുള്ള എടിഎമ്മാണിത്. ബ്രാഞ്ചിൽനിന്ന് 93 ലക്ഷം രൂപ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന സമയത്താണ് ബൈക്കിലെത്തിയ രണ്ട് പേർ ആക്രമണം നടത്തിയത്. സെക്യൂരിറ്റി ഗാർഡുകളെ വെടിവച്ച് വീഴ്ത്തിയശേഷം പണവുമായി രക്ഷപ്പെടുകയായിരുന്നു. ഗിരി വെങ്കിടേഷ്, ശിവകുമാർ എന്നിവരാണു മരിച്ച സുരക്ഷാ ഉദ്യോഗസ്ഥർ.
രക്ഷപ്പെട്ട പ്രതികൾ ഹൈദരാബാദിലെ അഫ്സൽ ഗഞ്ജിലുള്ള ഒരു ട്രാവൽ ഓഫീസിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇവരുടെ ലൊക്കേഷൻ മനസിലാക്കി പോലീസ് പിന്തുടർന്നെത്തി സ്ഥലം വളഞ്ഞു. പിടിക്കപ്പെടുമെന്നായപ്പോൾ പ്രതികൾ ട്രാവൽസ് ഓഫീസിനുള്ളിൽനിന്നു പോലീസിനുനേരേ വെടിവച്ചു. പിന്നാലെ തിരികെ വെടിവച്ചുകൊണ്ട് പോലീസ് അകത്തേക്ക് ഇരച്ചുകയറി രണ്ടു പ്രതികളെയും കസ്റ്റഡിയിലെടുത്തു.