വാഷിംഗ്ടൺ: ഡാൻസ് ചെയ്തതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടിരിക്കുകയാണു നെല്ലെ ഡയലെ എന്ന യുവതിക്ക്. ഇവർ ഡാൻസ് ചെയ്ത സ്ഥലവും വേഷവുമാണു പ്രശ്നമായത്. അലാസ്ക എയർലൈൻസിൽ ഫ്ലൈറ്റ് അറ്റൻഡറായ നെല്ലെ ഡയലെ ഡാൻസ് ചെയ്തത് വിമാനത്തിലായിരുന്നു. അപ്പോഴത്തെ വേഷമാകട്ടെ യൂണിഫോമും. വിമാനത്തിൽ ആരുമില്ലാത്ത സമയത്തായിരുന്നു ഡാൻസ്. ശരീരമിളക്കിയുള്ള ഡാൻസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വൈറലായി. തൊട്ടുപിന്നാലെ ജോലിയിൽനിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള വിമാനക്കന്പനിയുടെ ഓർഡറുമെത്തി.
യുവതി ജോലിക്ക് കയറിയിട്ട് ആറു മാസം മാത്രമേ ആയിരുന്നുള്ളൂ. പ്രബേഷണറി പീരിയഡ് അവസാനിച്ചിരുന്നില്ല. ഇത്രയും ചെറിയ കാര്യത്തിന് ജോലി പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ജോലി നഷ്ടപ്പെട്ടത് തന്നെ തകർത്തു കളഞ്ഞെന്നും നെല്ലെ ഡയലെ പറയുന്നു. പിരിച്ചുവിട്ട ശേഷം വീണ്ടും ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ അവർ പങ്കുവച്ചു.
പുതിയ ജോലി കണ്ടെത്തുന്നതുവരെ സഹായം വേണമെന്നഭ്യർഥിച്ച് ‘ഗോ ഫണ്ട് മീ’ എന്ന ഫേസ്ബുക്ക് പേജും ഇവർ ആരംഭിച്ചു. നെല്ലെയെ പിരിച്ചുവിട്ടതു ശരിയായില്ലെന്നും താക്കീത് നൽകിയാൽ മതിയായിരുന്നെന്നും ചിലർ അഭിപ്രായപ്പെട്ടപ്പോൾ മറ്റു ചിലർ, യൂണിഫോമിൽ ആയിരിക്കെ ഇങ്ങനെ ചെയ്യാനുള്ള അവകാശമില്ലെന്നാണു ചൂണ്ടിക്കാട്ടിയത്.