കോട്ടയം: പാലായില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ നഗ്നനാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചു പ്രചരിപ്പിച്ചുവെന്നു പരാതി. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ക്ലാസിലുള്ള മറ്റു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിച്ചത്.
വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ വിദ്യാര്‍ഥിയുടെ അച്ഛന് പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിയെ ബലമായി പിടിച്ചുവച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ഥിയെ സഹപാഠികളായ രണ്ടു പേര് ചേര്‍ന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: പാലായില്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന പരാതിയിൽ ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.