പുരാതനകാലത്തെ വ്യത്യസ്തമായ രണ്ടു മനുഷ്യവർഗങ്ങള് ഒരുമിച്ചു ജീവിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍. കെനിയയിലെ കിഴക്കൻ തുർക്കാന പ്രദേശത്തെ കൂബി ഫോറ സൈറ്റിൽനിന്നു കണ്ടെത്തിയ 1.5 ദശലക്ഷം വർഷം പഴക്കമുള്ള കാൽപ്പാടുകൾ പഠനവിധേയമാക്കിയാണ് ഇങ്ങനെയൊരു നിഗമനത്തിൽ ഗവേഷകർ എത്തിയത്. മനുഷ്യ പരിണാമ ചരിത്രത്തിലെ നിർണായ കണ്ടെത്തലാണിതെന്ന് അവർ അവകാശപ്പെടുന്നു.
ഹോമോ എറക്റ്റസ്, പാരാന്ത്രോപ്പസ് ബോയിസി എന്നീ ആദിമമനുഷ്യരുടെ കാല്‍പ്പാടുകൾ 2021ലാണ് കണ്ടെത്തിയത്. എന്നാൽ, ഇപ്പോഴാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവരുന്നത്. രണ്ടു പുരാതന ഹോമിനിൻ ഇനങ്ങള്‍ ഒരേ തടാകക്കരയിലൂടെ മണിക്കൂറുകളോ അല്ലെങ്കിൽ ദിവസങ്ങൾക്കുള്ളിലോ ഉള്ള ഇടവേളകളില്‍ നടന്നുവെന്നാണു ഗവേഷകരുടെ കണ്ടെത്തലിലുള്ളത്. ആദ്യമായിട്ടാണു രണ്ടു മനുഷ്യവർഗങ്ങള് പരസ്പര സഹവര്‍ത്തിത്വത്തോടെ ഒരുമിച്ചു ജീവിച്ചിരുന്നുവെന്നതിനു തെളിവ് ലഭിക്കുന്നത്.
3 ഡി എക്സ്-റേ അടിസ്ഥാനമാക്കിയുള്ള ഇമേജിംഗ് ടെക്നിക്കുകള്‍ ഉപയോഗിച്ചായിരുന്നു കാൽപ്പാടുകളുടെ പഠനം. ഈ കാല്‍പ്പാടുകള്‍ ആധുനിക മനുഷ്യരുടെ കാല്‍പ്പാടുകളുമായി താരതമ്യം ചെയ്യുകയും അവയുടെ ആകൃതിയിലും ഘടനയിലുമുള്ള വ്യത്യാസങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
മനുഷ്യരുടെ കാല്‍പ്പാടുകള്‍ക്കൊപ്പം കന്നുകാലികളുടെ 30 പൂർവികരുടെയും കുതിരപോലുള്ള മൂന്നു മൃഗങ്ങളുടെയും വംശനാശം സംഭവിച്ച ഭീമൻ കൊക്കായ ലെപ്റ്റോപ്റ്റിലോസ് ഫാൽക്കണറി ഉൾപ്പെടെ 61 പക്ഷി ഇനങ്ങളുടെയും കാൽപ്പാടുകൾ ഇവിടെനിന്നു ലഭിച്ചു. ഹോമിനിയനുകളും പക്ഷിമൃഗാദികളും ഒരുമിച്ചു സജീവമായി ജീവിച്ചിരുന്ന പ്രദേശമായിരുന്നു അതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.