കൊല്ലം: ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വൻ കുതിപ്പുമായി ഇന്ത്യ. 2025- ഓടെ ഉപയോക്താക്കളുടെ എണ്ണം 90 കോടി കടന്നേക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. എണ്ണത്തിന്റെ കാര്യത്തിൽ ഗ്രാമീണ ഇന്ത്യയ്ക്കാണ് ആധിപത്യം.
മുംബൈ ആസ്ഥാനമായ ഇന്റര്‍നെറ്റ് ആൻഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യയും (ഐഎഎംഎഐ) ഡിജിറ്റൽ വിപണി ഗവേഷണ സ്ഥാപനമായ കാന്താറും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഈ വർഷം അതിവേഗം വര്‍ധിക്കുമെന്നാണ് വിലയിരുത്തൽ. വര്‍ഷാവര്‍ഷം എട്ട് ശതമാനത്തോളം വര്‍ധനയാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്.
കഴിഞ്ഞ വര്‍ഷം സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 88.6 കോടിയിലെത്തിയിരുന്നു. ഇതില്‍ 48.8 കോടി ഉപയോക്താക്കള്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനത്തിന് മുകളിലാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം.
ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് രാജ്യത്തെ ജനസംഖ്യ 145 കോടിയിൽ അധികമാണ്.ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 98 ശതമാനവും പ്രാദേശിക ഭാഷകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിൽ തന്നെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. നഗരങ്ങളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 57 ശതമാനവും പ്രാദേശിക ഭാഷകളിലാണ് ഇന്റര്‍നെറ്റില്‍ തെരയുന്ന്.
ഗ്രാമീണ ഉപയോക്താക്കളില്‍ ഏകദേശം 83 ശതമാനവും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് വേണ്ടിയും സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ ആശയവിനിമയം, ഗെയിമിംഗ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയുമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. വളർച്ചയുടെ നിരക്കിൽ നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ ഇന്ത്യ ബഹുദൂരം മുന്നിലാണ്.
നഗരങ്ങളിലെ ഉപയോക്താക്കള്‍ നെറ്റ് കൊമേഴ്സ്, ഡിജിറ്റൽ പേയ്മെന്റുകൾ, ഓൺ ലൈൻ വിദ്യാഭ്യാസം എന്നിവയിലാണ് ഇന്റർനെറ്റിലൂടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.നഗരവാസികൾ അവരുടെ സമയത്തിന്റെ 94 ശതമാനവും ഓണ്‍ലൈനില്‍ ചെലവഴിക്കുമ്പോള്‍, ഗ്രാമീണ ഉപയോക്താക്കള്‍ അവരുടെ സമയത്തിന്റെ 95 ശതമാനവും ഓണ്‍ലൈനില്‍ ചെലവഴിക്കുന്നു എന്നാണ് പഠനത്തിലെ കണ്ടെത്തൽ.
ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 53 ശതമാനം പുരുഷന്മാരും 47 ശതമാനം സ്ത്രീകളുമാണ്. കൂടാതെ മറ്റുള്ളവരുടെ മൊബൈലോ, കംപ്യൂട്ടറോ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
- എസ്.ആർ. സുധീർ കുമാർ