തിരുവനന്തപുരം: സ്വത്തുതർക്കത്തിൽ മന്ത്രി കെ.ബി ഗണേഷ് കുമാറിന് ആശ്വാസം. വിൽപ്പത്രത്തിലെ ഒപ്പ് ഗണേഷ് കുമറിന്റെ പിതാവും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണ പിള്ളയുടേതാണെന്ന് ഫോറൻസിക് റിപ്പോർട്ട്. സഹോദരി ഉഷാ മോഹൻദാസിന്റെ പരാതിയെ തുടർന്നാണ് പരിശോധന നടന്നത്.
കൊട്ടാരക്കര മുൻസിഫ് കോടതി വിൽപ്പത്രത്തിലെ ഒപ്പുകൾ പരിശോധനയ്ക്കായി സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് നൽകിയിരുന്നു.
ബാലകൃഷ്ണ പിള്ള നേരത്തെ നടത്തിയ ബാങ്കിടപാടുകളിലും സംസ്ഥാന മുന്നാക്ക ക്ഷേമ കോർപറേഷൻ ചെയർമാനായിരിക്കെയുള്ള രേഖകളിലുമുള്ള ഒപ്പുകൾ ഫോറൻസിക് സംഘം പരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പരിശോധനാ ഫലം ലബോറട്ടറി കോടതിയിൽ സമർപ്പിച്ചത്.