വൈക്കം: വീടിനു തീപിടിച്ചു തനിച്ചുതാമസിച്ചിരുന്ന ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. വെച്ചൂർ ഇടയാഴം കൊല്ലന്താനം മേരി (79) യാണു മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം.അയൽവാസികളാണു വീട്ടിൽനിന്നു തീയും പുകയും ഉയരുന്നതുകണ്ടത്.
പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തും മുന്പ് വാർഡ് മെമ്പർ എൻ. സഞ്ജയന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പോലീസും ഫയർ ഫോഴ്സും ഉടൻ സ്ഥലത്തെത്തി തീയണച്ചെങ്കിലും മേരിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കാഡ് ബോർഡ് പെട്ടികൾ, പ്ലാസ്റ്റിക്, കടലാസ്, ചപ്പുചവറുകൾ, തേങ്ങകൾ തുടങ്ങിയവ വീടിനുള്ളിൽ കൂട്ടിയിട്ടിരുന്നതിനാൽ തീ പെട്ടെന്നു കത്തിപ്പടരുകയായിരുന്നു. വൈദ്യുതിയില്ലാതിരുന്ന വീട്ടിൽ വെളിച്ചത്തിനായി വയോധിക മെഴുകുതിരി കത്തിച്ചുവയ്ക്കുകയായിരുന്നു പതിവ്.
മെഴുകുതിരി മറിഞ്ഞു വീണു തീപിടിച്ചതാകാമെന്നാണു പ്രാഥമിക നിഗമനം. വീടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും വയോധിക സൂക്ഷിച്ചിരുന്ന പണവുമടക്കം കത്തിനശിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.