മുംബൈ: ബിസിസിഐയുമായി കരാറിലുള്ള പുരുഷ ക്രിക്കറ്റ് താരങ്ങൾക്കു പെരുമാറ്റച്ചട്ടവുമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്.
കളിക്കാരിൽ അച്ചടക്കവും ഐക്യവും നല്ല ടീം അന്തരീക്ഷവും സംജാതമാക്കുന്നതിനായാണ് പത്ത് പോയിന്റുള്ള മാർഗനിർദേശ രേഖ പുറത്തിറക്കിയത്. അടുത്തകാലത്ത് ഇന്ത്യൻ ടീം ടെസ്റ്റിൽ പുറത്തെടുക്കുന്ന മോശം പ്രകടനമാണു ബിസിസിഐയെ പെരുമാറ്റച്ചട്ടം ഏർപ്പെടുത്താൻ നിർബന്ധിതമാക്കിയത്.ബിസിസിഐയുടെ നിർദേശങ്ങൾ മുഴുവൻ കളിക്കാർക്കും ബാധകവുമാണ്. പത്തു നിർദേശങ്ങൾ-
ആഭ്യന്തര ക്രിക്കറ്റ് നിർബന്ധം
ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷനുവേണ്ടി മുഴുവൻ കളിക്കാരും ഇനി നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചേ തീരൂ. ടീം സെലക്ഷനു മാത്രമല്ല, ബിസിസിഐയുടെ മുഖ്യ കരാറിൽ ഇടം പിടിക്കുന്നതിനും ഇനി ഇതു നിർബന്ധമാണ്. ആഭ്യന്തര ക്രിക്കറ്റിനേക്കാൾ ഐപിഎല്ലിനു മുൻഗണന നൽകുന്ന ചില കളിക്കാരുടെ പ്രവണത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു ബിസിസിഐയെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.
ആഭ്യന്തര ക്രിക്കറ്റുമായി കളിക്കാർ ബന്ധം നിലനിർത്തുന്നുണ്ടെന്ന് ഈ നയം ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഇതിലൂടെ കഴിവ് വികസനം, ഫിറ്റ്നസ് നിലനിർത്തൽ, മൊത്തത്തിലുള്ള ആഭ്യന്തര ഘടന എന്നിവ ശക്തമാക്കാനാകും. ഈ ഉത്തരവിലെ ഒഴിവാക്കലുകൾ അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ പരിഗണിക്കുകയുള്ളൂ. മാത്രമല്ല, സെലക്ഷൻ കമ്മിറ്റി ചെയർമാനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹം ഇതു അംഗീകരിക്കുകയും വേണം.
ടീമിനൊപ്പം യാത്ര ചെയ്യണം
ഇനി മുതൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിട്ടുള്ള മുഴുവൻ കളിക്കാരും ടീം ബസിൽത്തന്നെ നിർബന്ധമായും യാത്ര ചെയ്യണം. മത്സരങ്ങൾക്കു മാത്രമല്ല, പരിശീലന സെഷനുകൾക്കും ഇതു ബാധകമാണ്.
കുടുംബത്തോടൊപ്പം സ്വകാര്യ വാഹനങ്ങളിൽ എത്തുന്നത് ഇനി അംഗീകരിക്കില്ല. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ ഇതു അനിവാര്യമായി വന്നാൽ അതിനു മുഖ്യ കോച്ച്, സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നിവരുടെ അംഗീകാരം ആവശ്യമാണ്.
ബാഗേജിൽ നിയന്ത്രണം
ഇന്ത്യൻ താരങ്ങൾക്കു ഒപ്പം കൊണ്ടുപോകാവുന്ന ബാഗേജുകളുടെ കാര്യത്തിലും നിയന്ത്രണമേർപ്പെടുത്തി. 30 ദിവസത്തിലധികം നീളുന്ന വിദേശ പര്യടനങ്ങൾക്കായി 5 ലഗേജുകൾ (3 സ്യൂട്ട്കേസുകൾ, 2 കിറ്റ് ബാഗുകൾ) അല്ലെങ്കിൽ 150 കിലോഗ്രാം വരെ മാത്രമേ അനുവദിക്കുകയുള്ളൂ. സപ്പോർട്ട് സ്റ്റാഫുമാർക്കാവട്ടെ 2 ലഗേജുകൾ (2 വലുത്, 1 ചെറിയ സ്യൂട്ട് കേസ്) അല്ലെങ്കിൽ 80 കിലോഗ്രാം വരെ മാത്രമേ അനുവദിക്കൂ.
30ൽ താഴെയുള്ള എവേ പര്യടനങ്ങളിൽ 4 ലഗേജുകൾ (2 സ്യൂട്ട്കേസ്, 2 കിറ്റ് ബാഗ്) അല്ലെങ്കിൽ 120 കിലോഗ്രാം മാത്രമാണു കൊണ്ടുപോകാൻ കഴിയുക.
സപ്പോർട്ട് സ്റ്റാഫിന് രണ്ടു ലഗേജുകൾ (രണ്ട് സ്യൂട്ട് കേസുകൾ) അല്ലെങ്കിൽ 60 കിലോഗ്രം.
ഹോം സീരീസുകളിൽ നാലു ലഗേജുകൾ (രണ്ടു സ്യൂട്ട്കേസു, രണ്ട് കിറ്റ് ബാഗ്) അല്ലെങ്കിൽ 120 കിലോഗ്രാം. സപ്പോർട്ട് സ്റ്റാഫിന് രണ്ടു ലഗേജുകൾ (രണ്ട് സ്യൂട്ട് കേസുകൾ) അല്ലെങ്കിൽ 60 കിലോഗ്രം.
ബാഗുകൾ അയയ്ക്കൽ
ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിലേക്കു കളിക്കാർ പ്രത്യേകമായി ഇനി ബാഗുകൾ അയയ്ക്കുന്പോൾ ഇക്കാര്യം ടീം മാനേജ്മെന്റുമായി ഏകോപിപ്പിക്കണം. പ്രത്യേകമായി ഇവ അയയ്ക്കുന്പോൾ വരുന്ന ചെലവുകൾ അതത് കളിക്കാരുടെ ഉത്തരവാദിത്വവുമായിരിക്കും.
നേരത്തേ പരിശീലന സെഷൻ വിടരുത്
ഇന്ത്യൻ ടീമിന്റെ പരിശീലന സെഷനിനിടെ ഇനി കളിക്കാർക്കു നേരത്തേ ഇവിടെനിന്നു മടങ്ങാൻ അനുമതിയുണ്ടാവില്ല. പരിശീലന സെഷനുകളിൽ മുഴുവൻ സമയവും എല്ലാ കളിക്കാരും തുടരേണ്ടതു പ്രധാനമാണ്. മാത്രമല്ല, പരിശീലനവേദികളിലേക്കുള്ള യാത്രകളും അവിടെനിന്നുള്ള മടക്കവുമെല്ലാം ഒരുമിച്ചായിരിക്കുകയും വേണം.
വ്യക്തിഗത ഫോട്ടോ ഷൂട്ടിനു വിലക്ക്
ഒരു പരന്പരയ്ക്കിടെയോ, വിദേശ പര്യടനത്തിനിടെയോ ഇനി വ്യക്തിപരമായിട്ടുള്ള ഫോട്ടോ ഷൂട്ടുകൾക്കും പരസ്യ ചിത്രീകരണങ്ങൾക്കും താരങ്ങൾക്കു അനുവാദമില്ല.
ബിസിസിഐ ചടങ്ങുകൾ
ബിസിസിഐയുടെ ഒഫീഷ്യൽ ഫോട്ടോ ഷൂട്ടുകൾ, മറ്റു പരിപാടികൾ എന്നിവയിൽ താരങ്ങൾ നിർബന്ധമായും പങ്കെടുക്കണം. കൂടാതെ പ്രമോഷണൽ ഇവന്റുകളിലും കളിക്കാരുടെ സാന്നിധ്യം പ്രധാനമാണ്.
നാട്ടിലേക്കുള്ള മടക്കം
ഇന്ത്യൻ ടീമിനൊപ്പമുള്ള പരന്പരകളുടെ ഭാഗമാകുന്പോൾ കളിക്കാർക്കു നേരത്തേ നാട്ടിലേക്കു മടങ്ങാൻ ഇനി അനുവാദമില്ല. ഒരു നിശ്ചിത പരന്പരയോ, പര്യടനമോ തീരുന്നതു വരെ മുഴുവൻ കളിക്കാരും ടീമിനൊപ്പം തുടരണം. മത്സരങ്ങൾ (ടെസ്റ്റ്) മുന്പു ഷെഡ്യൂൾ ചെയ്തതിനേക്കാൾ നേരത്തേ സമാപിച്ചാലും ഇതു ബാധകമാണ്.
ഈ പത്തു മാർഗനിർദേശങ്ങളിൽ ഏതെങ്കിലും ലംഘിച്ചാൽ കർശന ശിക്ഷാ നടപടികളാണ് കളിക്കാരെ കാത്തിരിക്കുന്നതെന്ന് ബിസിസിഐ അറിയിച്ചു. ഇതിലെന്തെങ്കിലും ഒഴിവുകൾ വേണമെങ്കിൽ സെലക്ഷൻ കമ്മിറ്റി ചെയർമാനിൽനിന്നും മുഖ്യ കോച്ചിൽനിന്നും മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം. ഐപിഎല്ലിൽനിന്നു വിലക്കും മാച്ച് ഫീ നഷ്ടവുമെല്ലാം ഈ താരങ്ങളെ കാത്തിരിക്കുന്നതായി ബിസിസിഐ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
പേഴ്സണൽ സ്റ്റാഫുമാരെ നിയന്ത്രിക്കും
കളിക്കാർ തങ്ങൾക്കൊപ്പം പേഴ്സനൽ സ്റ്റാഫുമാരെ കൊണ്ടുപോകുന്നതിലും നിയന്ത്രണം വന്നിരിക്കുകയാണ്. പേഴ്സണൽ മാനേജർമാർ, ഷെഫുമാർ, അസിസ്റ്റന്റുകൾ, സെക്യൂരിറ്റി എന്നിവരെല്ലാം ഇതിലുൾപ്പെടും. ബിസിസിഐയുടെ അംഗീകാരമില്ലാതെ ഇനി ഇവരെ അനുവദിക്കില്ല.
കുടുംബസമേത യാത്ര
ഇന്ത്യൻ താരങ്ങൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും ഇനി യാത്ര ചെയ്യുന്നതിനു വിലക്കേർപ്പെടുത്തി.
45 ദിവസത്തിൽ കൂടുതലുള്ള വിദേശ പരന്പരകളിൽ പരമാവധി രണ്ടാഴ്ചയും 45 ദിവസത്തിൽ താഴെയുള്ള വിദേശ പരന്പരകളിൽ പരമാവധി ഒരാഴ്ചയും മാത്രമേ കളിക്കാർക്കു കുടുംബത്തെ കൂടെ കൂട്ടാനാകൂ. ഇതിനുള്ള ചെലവും ബിസിസിഐതന്നെ വഹിക്കും.