കോട്ടയം: കോട്ടയം നഗരസഭയ്ക്കെതിരേ ഉയര്‍ന്ന 211 കോടി രൂപയുടെ ക്രമക്കേടില്‍ വ്യാജരേഖ ചമയ്ക്കല്‍, പണാപഹരണം എന്നിവയുള്‍പ്പെടുത്തി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഇടതുമുന്നണി നേതാക്കള്‍. ഭരണത്തിലുള്ള യുഡിഎഫും ബിജെപിയുമായുള്ള കൂട്ടുകച്ചവടത്തില്‍ ജനങ്ങള്‍ ബന്ദികളായിരിക്കുന്നു. ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും രാജിവയ്ക്കണം.
എല്‍ഡിഎഫ് 20ന് നഗരസഭയ്ക്കു മുമ്പില്‍ ധര്‍ണ നടത്തും. 20 വര്‍ഷത്തിലേറെയായി ഭരിക്കുന്ന യുഡിഎഫ് അഴിമതിയെ സ്ഥിരം സംവിധാനമാക്കി മാറ്റിയെന്നതാണ് അക്കൗണ്ട്സ് വിഭാഗം പരിശോധനയില്‍ വെളിപ്പെട്ടിരിക്കുന്നത്. അഴിമതി ജീവനക്കാരുടെ തലയില്‍ കെട്ടിവച്ച് തലയൂരാനുള്ള ശ്രമമാണ് ചെയര്‍പേഴ്സണ്‍ നടത്തുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
2023 ഡിസംബര്‍ 22ന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രത്യേക പരിശോധന നടത്താന്‍ ഉത്തരവിട്ടതുതന്നെ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതിനാലാണ്. ഈ വസ്തുത ഒരുവര്‍ഷമായിട്ടും കൗണ്‍സിലില്‍ അവതരിപ്പിക്കാതിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനമായിരുന്നു. ഇതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയ്ക്ക് പങ്കുള്ളതായി നേതാക്കള്‍ ആരോപിച്ചു.
നഗരസഭയുടെ ഫ്രണ്ട് ഓഫീസില്‍ സ്വീകരിച്ച് വരവുവച്ച ചെക്കുകളാണ് പണമായി ബാങ്കുകളിലെത്താതിരുന്നത്. ചെക്കുകള്‍ ബാങ്കിലയച്ച് തുക ലഭിച്ചുവെന്ന് ഉറപ്പു വരുത്തുന്നതിനു പകരം പണം തരേണ്ടവരുടെ ഫയല്‍ ഒളിപ്പിച്ച് പണം തട്ടുകയാണുണ്ടായത്. ചെക്ക് ആന്‍ഡ് ഡ്രാഫ്റ്റ് രജിസ്റ്റര്‍ നശിപ്പിച്ചത് അഴിമതി മറച്ചുവയ്ക്കാനാണ്.
തട്ടിപ്പിനെതിരേ പ്രതികരിക്കാത്ത ബിജെപി അഴിമതിക്ക് കൂട്ടുനില്‍ക്കുകയും ഭരണക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍, പ്രതിപക്ഷ നേതാവ് ഷീജ അനില്‍, കൗണ്‍സിലര്‍ ജോസ് പള്ളിക്കുന്നേല്‍, ബി. ശശികുമാര്‍, ടി. സി. ബിനോയ്, സുനില്‍ ഏബ്രഹാം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
നഷ്ടം വന്നിട്ടില്ലെന്ന് ചെയര്‍പേഴ്സണ്‍
നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടം വന്നിട്ടില്ലെന്നും വരവു ചെലവു കണക്കുകള്‍ ക്രമപ്പെടുത്തേണ്ടത് ഉദ്യോഗസ്ഥരാണെന്നും ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു. വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെുത്തിയിട്ടുണ്ട്.
ധനകാര്യ കമ്മിറ്റിയിലും ഓഡിറ്റ് കമ്മിറ്റിയിലും ഈ വിഷയം വന്നപ്പോള്‍ ഉണ്ടാകാത്ത വികാരം ഇപ്പോള്‍ പ്രതിപക്ഷം ഉയര്‍ത്തികൊണ്ടുവരുന്നതില്‍ ദുരൂഹതയുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബോധപൂര്‍വമായ നീക്കമാണെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.