തൃശൂർ: വത്തിക്കാന്റെ പൊന്തിഫിക്കൽ മാധ്യമകാര്യാലയം ഒരുക്കുന്ന അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിൽ പാനലിസ്റ്റായി മലയാളി സിസ്റ്റർ. ‘ഇന്ത്യാസ് കാമറ നൺ’ എന്നറിയപ്പെടുന്ന സിസ്റ്റർ ലിസ്മി പാറയിൽ സിഎംസി ആണ് സവിശേഷ ബഹുമതിക്കായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു കന്യാസ്ത്രീക്ക് ഈ അവസരം ലഭിക്കുന്നത്.
24 മുതൽ 26 വരെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി 22, 23 തീയതികളിലാണ് ലോകമെന്പാടുമുള്ള വിവിധ സന്യാസിനീ സമൂഹത്തിൽനിന്നുള്ളവരുടെ കോണ്‍ഫറൻസ് നടക്കുന്നത്. ഇതിൽ 23നു നടക്കുന്ന പാനൽ ഷെയറിംഗിലേക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ ഒരാളാണ് സിസ്റ്റർ ലിസ്മി. സുഡാനിൽനിന്നുള്ള സിസ്റ്റർ പവോല മോഗി, ഇറ്റലിയിൽനിന്നുള്ള സിസ്റ്റർ റോസ് പക്കാറ്റെ എന്നിവരാണു മറ്റു രണ്ടുപേർ.
കാമറക്കണ്ണുകളിലൂടെ എങ്ങനെ ക്രിസ്തുവിനെ ക്രൈസ്തവ – അക്രൈസ്തവസമൂഹങ്ങൾക്കിടയിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞുവെന്നു സ്വാനുഭവങ്ങളിലൂടെ പങ്കുവയ്ക്കാനാണ് നിർദേശമെന്ന് സിസ്റ്റർ ലിസ്മി പറഞ്ഞു. ഛായാഗ്രാഹക എന്ന നിലയിൽ സുവിശേഷവത്കരണത്തിനായി ചെയ്ത ശുശ്രൂഷകളും സംഭാവനകളും 12 മിനിറ്റിൽ വിവരിക്കും. തുടർന്നു ചോദ്യങ്ങൾക്കു മറുപടിയും നൽകും. 25ന് ഉച്ചയ്ക്ക് 12.30ന് പോൾ ആറാമൻ മാർപാപ്പയുടെ പേരിലുള്ള ഹാളിലാണ് ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്ന കോണ്‍ഫറൻസ്. 26 നു രാവിലെ 9.30ന് മാർപാപ്പയുടെ കാർമികത്വത്തിൽ കോണ്‍ഫറൻസിന്റെ ഭാഗമായി വി. കുർബാനയും ഉണ്ട്.
സെബി മാളിയേക്കൽ