വണ്ണം വച്ചപ്പോൾ ഭർത്താവിനൊപ്പം പോകുന്പോൾ കൂടെയുള്ളത് മകനാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്നു തുടങ്ങിയെന്ന് ദേവീ ചന്ദന. അത്തരം ചോദ്യങ്ങൾ കേട്ട് മനസ് മടുത്തപ്പോൾ ഒന്നു മെലിയാമെന്ന് വിചാരിച്ച് കഷ്ടപ്പെട്ട് വണ്ണം കുറച്ചു. വണ്ണം കുറഞ്ഞ് ക്ഷീണിച്ച് കണ്ടപ്പോൾ ഷുഗറാണോയെന്ന് ചോദിക്കുകയും ചെയ്യും, അതാണ് മലയാളികൾ എന്ന് ദേവി ചന്ദന പറഞ്ഞു. യഥാർഥത്തിൽ പട്ടിണി കിടന്നും വർക്കൗട്ട് ചെയ്തുമൊക്കെയാണ് വണ്ണം കുറയ്ക്കുന്നത്.
ഒപ്പം ഉള്ളത് ആരാണെന്ന് ആളുകൾ ചോദിക്കുമ്പോൾ ഇവരൊക്കെ എന്തിനാണ് ഇത്രത്തോളം ജഡ്ജ്മെന്റലാകുന്നതെന്ന് തോന്നാറുണ്ട്. ശരിക്കും ഒപ്പമുള്ളത് ആരാണെന്ന് ചോദിക്കേണ്ട ആവശ്യം തന്നെയില്ല. പിന്നെ അവസാനമായപ്പോഴേക്കും മോനാണോയെന്നുവരെ ചോദിച്ച് തുടങ്ങി. ഭർത്താവ് കിഷോർ അത് ശരിവച്ച് തലയാട്ടുകയും ചെയ്തു.
ഇനി മേലാൽ കളർ തലയിൽ തേക്കരുതെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. ഇളയ മോനാണോ എന്ന് ചോദിച്ചിരുന്നുവെങ്കിൽ ഞാൻ മരിച്ചേനെ. ഇപ്പോൾ ചിരിച്ച് വിടുമെങ്കിലും അത്തരം ചോദ്യം എന്നെ വേദനിപ്പിച്ചിട്ടുണ്ട്. എന്റെ ശരീരത്തിന്റെ അവസ്ഥ പോലും അറിയാതെ തടി കൂടി കഴിയുമ്പോൾ തീറ്റ കുറച്ച് കുറയ്ക്ക് എന്നൊക്കെ ആളുകൾ പറയും. അതൊക്കെ കേൾക്കുമ്പോൾ സങ്കടം വരും. ഇത്തരം ചോദ്യം കേട്ട് മടുത്തിട്ടാണ് ഞാൻ കഷ്ടപ്പെട്ട് ഒരിടയ്ക്ക് വണ്ണം കുറച്ചത് എന്ന് ദേവി ചന്ദന.