ചേര്‍ത്തല: വേമ്പനാടുകായലിനെ ശുചീകരിക്കാന്‍ നാട് ഒരുമിച്ചപ്പോള്‍ കായലില്‍നിന്നു നീക്കം ചെയ്തത് 1643 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ. തണ്ണീർമുക്കം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ക്ലീൻ വേമ്പനാട് പദ്ധതിയുടെ ഭാഗമായാണ് ശുചീകരണയജ്ഞം നടത്തിയത്. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലാണ് വേമ്പനാടുകായലിനെ ശുചീകരിക്കാന്‍ ജനങ്ങള്‍ വള്ളങ്ങളിലെത്തിയത്.
101 ചെറുവള്ളങ്ങളിലായി 113 മത്സ്യ-കക്ക തൊഴിലാളികളും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി 51 പേരും എന്‍ എസ്എസ് വാളണ്ടിയർ അടക്കം 118 സന്നദ്ധ പ്രവത്തകരും ഒത്തൊരുമിച്ചു.രണ്ടു മണിക്കൂർ കൊണ്ടാണ് ഇത്രയധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ കായലിൽനിന്നു നീക്കം ചെയ്തത്.
വേമ്പനാട്ടുകായലിനെ മാലിന്യമുക്തമാക്കുന്നതിന് ശുചീകരണ പരിപാടി തുടരാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഹരിതകർമസേനയുടെ പ്രവർത്തനത്തിന്റെ ഫലമായി വീടുകളിൽനിന്നു കായലിലെത്തുന്ന പ്ലാസ്റ്റിക്കുകൾ കുറഞ്ഞിട്ടും മറ്റു പല രീതികളിലും പ്ലാസ്റ്റിക് കായലിൽ എത്തുന്നുണ്ട്.
ഇത് തടയുന്നതിനുള്ള പ്രവർത്തനങ്ങളും പഞ്ചായത്ത് നടത്തും. കൂടാതെ മത്സ്യ, കക്ക തൊഴിലാളികൾ കായലിൽ പോകുമ്പോൾ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഹരിതകർമസേനയ്ക്ക് കൈമാറുന്ന പദ്ധതിയും പഞ്ചായത്തില്‍ നടപ്പാക്കും.
കണ്ണങ്കര ബോട്ടുജെട്ടിയിൽ നടന്ന ശുചീകരണയജ്ഞം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷത വഹിച്ചു. തണ്ണീർമുക്കം ബോട്ടുജെട്ടിയിൽ നടന്ന ശുചീകരണപരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമോൾ കലേഷും കട്ടച്ചിറയിൽ ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. മുകുന്ദനും ഉദ്ഘാടനം ചെയ്തു.