വന്യ മൃഗങ്ങളിൽ നാട്ടിൽ ഇറങ്ങുന്നത് പലപ്പോഴായി വാർത്തകളിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. അക്കൂട്ടത്തിൽ സൂപ്പർ സ്റ്റാറുകളാണ് അരിക്കൊന്പനും ചക്കക്കൊന്പനും പടയപ്പയുമൊക്കെ. വീണ്ടുമിതാ ഒരു അരിക്കൊന്പന്റെ വിളയാട്ടത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
കോയമ്പത്തൂരിലെ ഒരു വീട്ടിൽ കഴിഞ്ഞ ദിവസം കാട്ടാന കയറിയ സംഭവാണ് വൈറലാകുന്നത്. ശനിയാഴ്ചയാണ് സംഭവം. രാത്രി കാട്ടാന വീട്ടിൽ കയറുകയും അരിച്ചാക്കുമായി കടന്നു കളയുകയും ചെയ്തതാണ് വീഡിയോ. വീട്ടുകാരെല്ലാം പേടിച്ച് ശ്വാസം പോലും വിടാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. എന്നാൽ, ഭാഗ്യം കൊണ്ടോ ആനയുടെ നല്ലമൂഡുകൊണ്ടോ സംഭവത്തിൽ ആർക്കും പരിക്കില്ല. കോയമ്പത്തൂരിലെ തെർക്കുപാളയത്താണ് സംഭവം നടന്നത്.
ആന വീടിനുള്ളിൽ കയറുന്ന സമയത്ത് വീട്ടുകാർ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. ആനയെ കണ്ടതോടെ വീട്ടിലെ നാലുപേരും അവിടെ നിന്നും മാറിനിന്നു. ആനയുടെ ശ്രദ്ധ ആകർഷിക്കാതിരിക്കാൻ വേണ്ടി ഗ്യാസ് സ്റ്റൗ ഓഫ് ചെയ്യുകയും ചെയ്തു.
ആനയാണെങ്കിൽ ഗ്യാസ് സ്റ്റൗവിന് നേരെ തന്നെ തിരിഞ്ഞു. എന്നാൽ, അവിടെ നിന്നും പെട്ടെന്ന് തന്നെ പിന്തിരിയുകയായിരുന്നു. ഒടുവിൽ അവിടെ സൂക്ഷിച്ചിരുന്ന ഒരു ചാക്ക് അരിയും എടുത്ത് ആശാൻ സ്ഥലം വിട്ടു.