മെഡിക്കല്‍കോളജ് (തിരുവനന്തപുരം): ഐവിഎഫ് ചികിത്സയിലൂടെഅഞ്ഞൂറോളം കുഞ്ഞുങ്ങളെ സമ്മാനിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന് വിഭാഗം. കേരളത്തിനകത്തും പുറത്ത് നിന്നും എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് എത്തിയ ദമ്പതിമാരുമുണ്ട് അക്കൂട്ടത്തില്‍.
ഹോര്‍മോണ്‍ ചികിത്സ, സര്‍ജറി, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ഉപയോഗിച്ചുള്ള ഐവിഎഫ്, ഇന്‍ട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇന്ജക്ഷന് തുടങ്ങി വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രികളെ പോലും വെല്ലുന്ന സംവിധാനങ്ങളാണ് എസ്എടി ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്.
ആഗോളതലത്തിലേത് പോലെ 40 മുതല്‍ 50 ശതമാനം വരെ വിജയ ശതമാനം ഉയര്‍ത്താന്‍ എസ്എടി ആശുപത്രിക്ക് സാധിച്ചിട്ടുണ്ട്.വന്ധ്യതാ ചികിത്സാ രംഗത്ത് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. വിജയകരമായ മാതൃക തീര്‍ത്ത എസ്എടി ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിനിലെ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.
തിങ്കള്‍ മുതല്‍ ശനി വരെയാണ് ഒപി സേവനമുള്ളത്. കൗണ്‍സിലിംഗ് ഉള്‍പ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടത്തെ ചികിത്സ. എസ്എടിയിലെ റീപ്രൊഡക്ടീവ് മെഡിസിന് വിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ കൂടുതല്‍ ദമ്പതിമാര്‍ക്ക് ആശ്വാസമേകാന്‍ സാധിക്കും.