കോഴിക്കോട്: കണ്ണൂരില്‍ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസില്‍ വിചാരണനടപടികൾ ആരംഭിക്കാനിരിക്കെ പ്രതിയായ യുവതിയുടെ ആത്മഹത്യാശ്രമം.
കുഞ്ഞിന്റെ അമ്മ തയ്യിൽ ശ്രീകൂറുമ്പ അമ്പലത്തിന് സമീപത്തെ ശരണ്യ വത്സരാജാണ് (22) കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് മുറിയെടുത്തതിനുശേഷം ആത്മഹത്യാ ശ്രമം നടത്തിയത്. കൂടെയാരും ഉണ്ടായിരുന്നില്ല. ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥിതി ഗുരുതരമല്ല.
ഇന്ന് തലശേരി അഡീഷണൽ സെഷൻസ് കോടതി(ഒന്ന്)യിൽ വിചാരണ തുടങ്ങാനിരുന്ന കേസ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, കേസിന്റെ വിചാരണനടപടികൾ മാറ്റി വച്ചതായാണ് സൂചന.
വലിയന്നൂർ തുണ്ടിക്കോത്ത് കാവിനു സമീപം സി.കെ. പുന്നക്കൽ ഹൗസിൽ പി. നിധിനും (27) കേസിലെ പ്രതിയാണ്. കാമുകനൊപ്പം ജീവിക്കാൻ മകൻ വിയാനെ അമ്മ ശരണ്യ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഡിസംബർ 19നാണ് സംഭവം. ശരണ്യയുടെ ഫോണിൽ നിന്നാണ് കാമുകൻ നിധിനുമായുള്ള ബന്ധം കണ്ടെത്തിയത്.
കൊലപാതകത്തിന്റെ തലേദിവസം രാത്രി നിധിൻ ശരണ്യയെ കാണാനെത്തിയിരുന്നു. ശരണ്യയെ അറസ്റ്റ് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് നിധിൻ അറസ്റ്റിലായത്.