തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി നിരീക്ഷിച്ചു.
ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള 586 പേജ് ഉത്തരവിൽ സംസ്ഥാന പൊലീസിനെ കോടതി അഭിനന്ദിച്ചു. ഈ കേസിൽ പൊലീസ് സമർഥമായ അന്വേഷണമാണ് നടത്തിയതെന്ന് കോടതി വിധിയിൽ തന്നെ പ്രസ്താവിച്ചു.
കുറ്റകൃത്യം നടത്തിയ അന്നു മുതൽ തനിക്കെതിരായ തെളിവുകൾ താൻ തന്നെ സ്വയം ചുമന്നു നടക്കുകയായിരുന്നു എന്ന് പ്രതിക്ക് അറിയാമായിരുന്നു. സാഹചര്യ തെളിവുകൾ പോലീസ് നല്ല രീതിയിൽ കേസിൽ ഉപയോഗിച്ചുവെന്നും കോടതി പറഞ്ഞു.
ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ല. അതേ സമയം സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചു.
ഘട്ടം ഘട്ടമായി കൊലപാതകം നടത്തുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം. 48 സാഹചര്യ തെളിവുകൾ ഗ്രീഷ്ക്കെതിരെയുണ്ട്. ഷാരോൺ അനുഭവിച്ചത് വലിയ വേദനയാണ്. ഒരു തുള്ളി വെള്ളമിറക്കാതെ 11 ദിവസം ആശുപത്രിയില്‍ കിടന്നു. ആ വേദന ചെറുതായിരുന്നില്ല. ആന്തരിക അവയവങ്ങളെല്ലാം അഴുകിയ നിലയിൽ ആയിരുന്നു. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നൽകിയതെന്നും കോടതി വ്യക്തമാക്കി.
ഷാരോണ്‍ രാജ് വധക്കേസില്‍ ഷാരോണിന്റെ കാമുകിയും ഒന്നാം പ്രതിയുമായ ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമല്‍കുമാറിന് മൂന്ന് വർഷം തടവുമാണ് ശിക്ഷ ലഭിച്ചത്. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്.