കോട്ടയം: മഴപ്പെയ്ത്തിലും താപനിലയിലും മാത്രമല്ല ഇടിമിന്നല്‍ നിരക്കിലും സംസ്ഥാനതലത്തില്‍ കോട്ടയം കത്തിക്കയറുകയാണ്.ഒന്നര പതിറ്റാണ്ടായി കേരളത്തിലെ ഇടിമിന്നല്‍ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതിലാണ്. ഒരു കിലോമീറ്ററിനുള്ളില്‍ സംസ്ഥാനത്ത് ശരാശരി 20 കൊള്ളിമിന്നലും ഇടിവെട്ടലും സംഭവിക്കുന്നു.
മാത്രവുമല്ല ഇടിമിന്നല്‍ മരണം, പൊള്ളല്‍, നാശനഷ്ടം എന്നിവയുടെ നിരക്കിലുമുണ്ട് വര്‍ധന. കോട്ടയത്തും ജില്ലയുടെ ഇതര പ്രദേശങ്ങളിലും മറ്റിടങ്ങളേക്കാള്‍ വ്യത്യസ്തമായ ശരാശരി 70 ഇടിമിന്നലുകളാണ് ഒരു വര്‍ഷം സംഭവിക്കുന്നത്.മനുഷ്യര്‍ക്കും മരങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും വലിയ ആഘാതം സൃഷ്ടിക്കുംവിധം അതിശക്തമാണ് കോട്ടയം മിന്നല്‍.
പശ്ചിമഘട്ട മലനിരയിലെ വലിയ കൂമ്പാരമേഖകളുടെയും ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പത്തിന്റെയും സാന്നിധ്യമാണ് കോട്ടയം മിന്നല്‍ മേഖലയാകാന്‍ കാരണമെന്ന് ഇതു സംബന്ധിച്ച പൂനെ ഐഐടിഎമ്മിന്റെ സഹകരണത്തോടെ ഗവേഷണം നടത്തിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഫിസിക്സ് വിഭാഗം പറയുന്നു. കടലില്‍ പതിവായ ന്യൂനമര്‍ദവും കാറ്റിന്റെ ഗതിയും ഇതര കാരണങ്ങള്‍.
ഒരു പതിറ്റാണ്ടായി സംസ്ഥാനത്ത് ഏറ്റവും മഴ രേഖപ്പെടുത്ത പ്രദേശങ്ങളിലാണ് കാഞ്ഞിരപ്പള്ളി താലൂക്ക്. താപനിലയില്‍ സംസ്ഥാനത്ത് മുന്നിലുള്ള പുനലൂരിനും പാലക്കാടിനുമൊപ്പം കോട്ടയം വടവാതൂരും ഇടംപിടിച്ചിട്ട് മൂന്നു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനവാരം വടവാതൂരില്‍ രണ്ടു ദിവസം പകല്ത്താപം 40 ഡിഗ്രിവരെ എത്തിയതായാണ് ഐഎംഡി സ്റ്റേഷനിലെ രേഖ.
കടുത്ത വേനലിലൊപ്പം മഴക്കാറും ഈര്‍പ്പവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ വൈകുന്നേരമാണ് ഇടിമിന്നല്‍ അപകടം വിതയ്ക്കുന്നത്.
കോട്ടയത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയായ പെരുവന്താനം, വടക്കേമല, കൊക്കയാര്‍ പ്രദേശങ്ങളിലും കൂമ്പാരമേഘങ്ങളും അപ്രതീക്ഷിത മിന്നലുകളും ഉയര്‍ന്ന തോതിലാണ്.്