തിരുവനന്തപുരം: കെപിസിസി നേതൃമാറ്റം സംബന്ധിച്ച് ഹൈക്കമാൻഡ് കേരളത്തിലെ മുതിർന്ന നേതാക്കളുമായി അനൗപചാരിക ചർച്ചകൾ തുടരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു കെ. സുധാകരനെ മാറ്റി പുതിയ ആളെ നിയമിക്കണമെന്ന അഭിപ്രായത്തിനു പുറമെ, സുധാകരനെ നിലനിർത്തി മറ്റു ഭാരവാഹികൾക്ക് മാറ്റം വരുത്തിയാൽ മതിയെന്നുള്ള അഭിപ്രായവും നേതാക്കൾ വെവ്വേറെ ഹൈക്കമാൻഡിനു മുന്നിൽ ഉയർത്തി.
കേരളത്തിന്റെ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് മുതിർന്ന നേതാക്കളുമായി അനൗപചാരിക ചർച്ച നടത്തിയത്. കെ. സുധാകരന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ നേതൃസ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് സുധാകരന്റെ നിലപാട്.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യസമിതിയിൽ ചർച്ച ചെയ്തതും ചെയ്യാത്തതുമായ പല വിവരങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നതിൽ ദീപാദാസ് മുൻഷി മുതിർന്ന കോണ്‍ഗ്രസ് നേതാക്കളോട് അനിഷ്ടം രേഖപ്പെടുത്തിയെന്നാണ് ലഭിക്കുന്ന സൂചന. പാർട്ടിയെ ശക്തിപ്പെടുത്തി തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കൂടുതൽ സീറ്റ് നേടി അധികാരത്തിലെത്തണമെന്ന ചിന്ത മുതിർന്ന നേതാക്കളിൽ പലരും കാട്ടുന്നില്ലെന്ന് ഒരു വിഭാഗം നേതാക്കൾക്ക് പരാതിയുണ്ട്.
അതേസമയം, യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകണമെന്ന അനാവശ്യമായ ചർച്ചകൾ ഈ ഘട്ടത്തിൽ ഉയർത്തുന്നതിൽ ഹൈക്കമാൻഡ് നീരസം രേഖപ്പെടുത്തിയിട്ടുമുണ്ട്.നേതൃമാറ്റ കാര്യം ഉൾപ്പെടെ അനന്തമായി നീട്ടികൊണ്ട് പോകുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യൻ രാഷ്ട്രീയകാര്യസമിതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.
ഇതേ തുടർന്നാണ് കെപിസിസി നേതൃമാറ്റ ചർച്ചകൾ ഹൈക്കമാൻഡ് ആരംഭിച്ചത്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന രീതിയിലുള്ള അനാവശ്യ ചർച്ചകൾ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണെന്ന് ഒരു വിഭാഗം നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
നേതാക്കളുടെ വ്യക്തിപരമായ നേട്ടത്തിന് പ്രാമുഖ്യം നൽകാതെ പാർട്ടിയെ ശക്തിപ്പെടുത്താൻ നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഹൈക്കമാൻഡ് ഇടപെടണമെന്നാണ് ഭൂരിഭാഗം നേതാക്കളും അനൗപചാരിക ചർച്ചയ്ക്കിടെ ദീപാദാസ് മുൻഷിയെ ധരിപ്പിച്ചത്.
കോണ്‍ഗ്രസിൽ മുഖ്യമന്ത്രിയാകാൻ ആറ് പേരുണ്ടെന്ന പരിഹാസം സിപിഎം ഉയർത്തുന്നുണ്ടെന്നും വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടി വന്നാൽ അത് പാർട്ടിയെ നാശത്തിലേക്ക് നയിക്കുമെന്നും നേതാക്കൾ അറിയിച്ചു.
കോൺഗ്രസിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും തെളിയിക്കാൻ സംയുക്ത വാർത്താസമ്മേളനം ഉണ്ടാകുമെന്ന് നേതൃത്വം പറഞ്ഞിരുന്നുവെങ്കിലും അത് എന്നുണ്ടാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
- എം. സുരേഷ്ബാബു