തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കുത്തേറ്റ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ ആതിര (30) കൊല്ലപ്പെട്ട കേസിലാണ് കഠിനംകുളം പോലീസ് അന്വേഷണം ഉൗർജിതമാക്കിയത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ആതിരയെ കഠിനംകുളത്തെ വീട്ടിൽ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ പാർക്ക് ചെയ്തിരുന്ന യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നു പോലീസ് കണ്ടെടുത്തു.
ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്ത് കൊല്ലം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. കൊലപാതകത്തിന് ശേഷം ഇയാൾ ആതിരയുടെ സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിൻമാർഗം രക്ഷപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്.
ഇയാളും ആതിരയും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. രണ്ട് ദിവസം മുൻപ് ഇയാൾ പെരുമാതുറയ്ക്ക് സമീപത്തെ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച് വന്നിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. ആതിരയുടെ ഭർത്താവ് രാജീവ് ക്ഷേത്രത്തിൽ പൂജയ്ക്കായി എല്ലാ ദിവസവും പുലർച്ചെ അഞ്ച് മണിയോടെ പോയാൽ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് വീട്ടിൽ മടങ്ങിയെത്തുന്നത്.
ഇന്നലെ രാവിലെ എട്ടരയ്ക്ക് ഏക മകനെ ആതിര സ്കൂളിലേക്ക് അയയ്ക്കുന്നത് വരെ പ്രദേശവാസികൾ ആതിരയെ കണ്ടിരുന്നുവെന്ന് പോലീസിൽ മൊഴി നൽകിയിരുന്നു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു.
ആതിരയുടെ മൃതദേഹം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. കായംകുളം സ്വദേശിയായ രാജീവ് കഴിഞ്ഞ 20 വർഷക്കാലമായി പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിയായി പ്രവർത്തിക്കുകയായിരുന്നു. വെഞ്ഞാറമൂട് സ്വദേശിനിയായ ആതിരയുമായുള്ള വിവാഹം ഏഴ് വർഷം മുൻപാണ് നടന്നത്.
ക്ഷേത്ര കമ്മിറ്റിക്കാർ തരപ്പെടുത്തിയ വീട്ടിലാണ് രാജീവും ആതിരയും ഏക മകനും താമസിച്ച് വന്നിരുന്നത്. ആറ്റിങ്ങൽ ഡിവൈഎസ്പി. മഞ്ജുലാൽ, കഠിനംകുളം എസ്എച്ച്ഒ സജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.