ബംഗളൂരു: ഐടി ജീവനക്കാരനെ ഒരു മാസത്തോളം ഡിജിറ്റൽ അറസ്റ്റിലാക്കി 11 കോടി രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. രണ്ടു ഗുജറാത്ത് സ്വദേശികളും ഒരു ഡൽഹി സ്വദേശിയുമാണു പിടിയിലായത്. ബംഗളൂരു സ്വദേശി കെ.എസ്. വിജയ്കുമാർ നൽകിയ പരാതിയിലാണു നടപടി. തട്ടിയെടുത്ത തുകയിൽ 3.75 കോടി രൂപ തിരിച്ചുപിടിച്ചു. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്.
മുംബൈ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണു പ്രതികൾ വിജയ്കുമാറിനെ ബന്ധപ്പെട്ടത്. വിജയ്കുമാറിന്റെ രേഖകൾ ഉപയോഗിച്ച് ആറു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് നടന്നതിനു കേസ് രജിസ്റ്റർ ചെയ്തതായും മുംബൈയിലേക്കു വരാനും ആവശ്യപ്പെട്ടു, വിസമ്മതിച്ചപ്പോൾ ഡിജിറ്റലായി അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ച് വെർച്വലായി ചോദ്യം ചെയ്ത് സുപ്രീംകോടതിയെന്ന പേരിൽ വ്യാജ കോടതി സജ്ജീകരിച്ച് വിചാരണ ചെയ്തു.
ഇതിനിടെ പലതവണ പണം നൽകി. ഒരു മാസത്തിനുശേഷം കേസിനെക്കുറിച്ച് സംസാരിക്കാൻ വിജയ്കുമാർ ബംഗളൂരു പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്.