തിരുവനന്തപുരം: കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ ആതിര കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ ചെല്ലാനം സ്വദേശി ജോൺസണാണ് കൊലപാതകം നടത്തിയത്.
കൂടെ ചെല്ലണം എന്ന ആവശ്യം നിരാകരിച്ചതിനാലാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. അക്രമത്തിന് പദ്ധതിയിട്ട് ജോൺസൺ പെരുമാതുറയിൽ താമസിച്ചു. പെരുമാതുറയിലെ ലോഡ്ജിൽ താമസിച്ചത് ഒരാഴ്ചയാണ്. ആതിരയുടെ നാട്ടിലെത്തി പ്രതി വിവരങ്ങൾ അന്വേഷിച്ചതായും സൂചനയുണ്ട്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആതിരയെ കഠിനംകുളത്തെ വീട്ടിൽ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ പാർക്ക് ചെയ്തിരുന്ന യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുസമീപത്ത് നിന്നു പോലീസ് കണ്ടെടുത്തു.
കായംകുളം സ്വദേശിയായ രാജീവ് കഴിഞ്ഞ 20 വർഷക്കാലമായി പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിയായി പ്രവർത്തിക്കുകയായിരുന്നു. വെഞ്ഞാറമൂട് സ്വദേശിനിയായ ആതിരയുമായുള്ള വിവാഹം ഏഴ് വർഷം മുൻപാണ് നടന്നത്.
ക്ഷേത്ര കമ്മിറ്റിക്കാർ തരപ്പെടുത്തിയ വീട്ടിലാണ് രാജീവും ആതിരയും ഏക മകനും താമസിച്ച് വന്നിരുന്നത്. ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ, കഠിനംകുളം എസ്എച്ച്ഒ സജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.