വാഷിംഗ്ടൺഡിസി: അമേരിക്കയെ വീണ്ടും ആശങ്കയിലാക്കി കാട്ടുതീ പടരുന്നു. ലോസ് ആഞ്ചലസിൽ അതിവേഗത്തിൽ കാട്ടുതീ പടരുന്നതായാണ് റിപ്പോർട്ട്. രണ്ടു മണിക്കൂറിനുള്ളിൽ 5,000 ഏക്കർ കത്തിനശിച്ചതായാണു വിവരം. കാസ്റ്റൈക്കിനു സമീപത്തായാണു തീ പടരുന്നത്.
ഏഴിടത്താണ് കാട്ടുതീ നാശം വിതയ്ക്കുന്നത്. ഇതിൽ രണ്ടിടത്തു വലിയ തീയാണ്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. ശക്തമായ കാറ്റ് തീ നിയന്ത്രിക്കുന്നതിനു വെല്ലുവിളിയാണ്.
ഒരു ലക്ഷത്തിലേറെ ആളുകളെ മേഖലയിൽനിന്ന് ഒഴിപ്പിച്ചു. ദുരന്തമേഖലയിൽ കുടുങ്ങിക്കിടക്കുന്ന 19,000-ാളം പേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. അമേരിക്കൻ സൈന്യം ദുരന്തമേഖലയിലേക്കു പുറപ്പെട്ടിട്ടുണ്ട്.
നേരത്തെയുണ്ടായ കാട്ടുതീയിൽനിന്ന് ലോസ് ആഞ്ചലസ് മുക്തമാകാൻ തുടങ്ങുന്നതിനിടെയാണു വീണ്ടും കാട്ടുതീ ഉണ്ടായത്.