മൂവാറ്റുപുഴ: വാടകയ്ക്ക് വീടെടുത്ത് അനാശാസ്യം നടത്തിവന്നിരുന്നതിനെ തുടര്‍ന്നു പോലീസ് പിടിയിലായ അഞ്ചംഗസംഘത്തെ കോടതി റിമാന്‍ഡ് ചെയ്തു. കദളിക്കാട് തെക്കുംമലയില്‍ വീട് വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തിവന്ന ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള സംഘത്തെ ശനിയാഴ്ച ഉച്ചയോടെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. ഏതാനും സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള മലപ്പുറം സ്വദേശിനിയാണ് പിടിയിലായ യുവതിയെന്ന് പോലീസ് പറഞ്ഞു. ഇവിടെ നിന്നും ഒരു കാറും ബുള്ളറ്റ്, ബൈക്ക് എന്നീ വാഹനങ്ങളും മൊബൈല്‍ ഫോണുകളും മദ്യകുപ്പികളും പോലീസ് കണ്ടെടുത്തു.
ഒരു മാസത്തോളമായി വീടുംപരിസരവും പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് സിഐ സി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ഈ സംഘത്തെ പിടികൂടിയത്. വന്‍ പെണ്‍വാണിഭ സംഘത്തിലെ കണ്ണികളാണ് ഇവരെന്നു പോലീസ് പറഞ്ഞു. സ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും കിട്ടിയ ഡയറിയില്‍ നിരവധി ഇടപാടുകാരുടെ ഫോണ്‍ നമ്പറുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വീട് വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തി വരികയായിരുന്നു ഇവരുടെ രീതി. ഒരുമാസത്തില്‍ കൂടുതല്‍ ഒരു സ്ഥലത്ത് ഇടപാടുകള്‍ നടത്താറില്ല. സംഘത്തിലെ ദമ്പതികളാണ് പ്രധാന നടത്തിപ്പുകാര്‍. ഭാര്യയെ പിടികൂടാനായിട്ടില്ല. ഇവരാണ് ഇടപാടുകാരെ ഫോണിലൂടെ വശീകരിച്ച് സംഘത്തിലെത്തിക്കുന്നത്. ആയിരും മുതല്‍ അയ്യായിരം രൂപവരെയാണ് ഒരു ദിവസത്തേയ്ക്ക് ഈടാക്കിയിരുന്നത്.
നാളുകളായി സംഘം അനാശാസ്യ പ്രവര്‍ത്തനം നടത്തി വന്നിരുന്നതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എറണാകുളത്തെ ചില ഫഌറ്റുകള്‍ കേന്ദ്രീകരിച്ചും സംഘം അനാശാസ്യ കേന്ദ്രങ്ങള്‍ നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുംബൈ, ബാംഗളൂര്‍ എന്നിവിടങ്ങളില്‍ നിന്നുമായാണ് യുവതികളെ എത്തിച്ചുകൊണ്ടിരുന്നത്. ഇതിനായി പ്രത്യേക സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെക്കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.