നാദാപുരം: വിവാഹ യാത്രയ്ക്കിടയിൽ കാറിൽ സഞ്ചരിച്ച് അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വരന്റെയും കാറിൽ സഞ്ചരിച്ച യുവാക്കൾക്കെതിരേയും വളയം പോലീസ് കേസെടുത്തു.കല്ലാച്ചി സ്വദേശി അർഷാദിനെതിരേയാണ് കേസെടുത്തത്.
വിവാഹഘോഷ യാത്രയിൽ പങ്കെടുത്ത രണ്ട് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. KL 38 K 5666 ഫോർച്ചൂണർ കാറുംKL 18 AC0026 ഇന്നോവയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഏഴ് വാഹനങ്ങൾ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വളയം പുളിയാവ് റോഡിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. അശ്രദ്ധയോടെയും മനുഷ്യജീവനു ഭീഷണി ഉയർത്തുന്ന വിധത്തിൽ കാർ ഓടിച്ചതായും റോഡിൽ പടക്കം പൊട്ടിച്ച് വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും മാർഗതടസം സൃഷ്ടിച്ചതായുമാണ് കേസ്.
കല്ലാച്ചി ഇയ്യങ്കോടുനിന്ന് വളയം പുളിയാവിലേക്ക് പുറപ്പെട്ട വിവാഹ സംഘം വഴി നീളെ കാറുകളിലെ ഇരുവശത്തുമുള്ള വാതിലുകൾ തുറന്ന് അതിൽ ഇരുന്ന് യാത്ര ചെയ്തും ഇടക്ക് കാറിൽ നിന്നിറങ്ങി നടുറോഡിൽ പടക്കങ്ങൾ കൂട്ടമായിട്ട് പൊട്ടിച്ചും പൂത്തിരി കത്തിച്ച് നൃത്തം ചെയ്തും റീൽസ് ചിത്രീകരിച്ചിരുന്നു.
നാല് കിലോമീറ്ററോളമാണ് മറ്റ് വാഹനങ്ങളെ തടഞ്ഞ് വച്ചത്. ഈ ദൃശ്യങ്ങൾ പിന്നീട് റീൽസ് ആക്കി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയായിരുന്നു.