മലപ്പുറം: മലപ്പുറം ഓടക്കയം കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണു. കൂരങ്കല്ല് സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനം വകുപ്പും പോലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരുഭാഗം ഇടിച്ച് ആനയെ പുറത്തെത്തിക്കാനാണ് ശ്രമം.
ഇന്നു പുലർച്ചെ ഒരു മണിയോടെ ഊർങ്ങാട്ടിരി പഞ്ചായത്തിലാണു സംഭവം. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരുത്തിയോടിക്കാൻ പ്രദേശവാസികൾ ശ്രമം തുടങ്ങി. ഇതേത്തുടർന്ന് കാട്ടാനക്കൂട്ടം തിരികെ പോകുന്നതിനിടെ കിണറ്റിൽ ആന വീഴുകയായിരുന്നു.
ആന ഇറങ്ങിയ വിവരം പഞ്ചായത്ത് വാർഡ് അംഗം പി.എസ്. ജിനേഷ് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് നിലമ്പൂരിൽനിന്ന് ആർആർടിയും കൊടുമ്പുഴയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തുമ്പോഴേക്കും ആന കിണറ്റിൽ വീണിരുന്നു. ജനവാസമേഖലയിലും കൃഷിയിടങ്ങളിലും കാട്ടാന എത്താൻ തുടങ്ങിയിട്ട് മാസങ്ങളായി.
സംഭവത്തിൽ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ആനയെ പ്രദേശത്തേക്ക് തുറന്നുവിടരുതെന്നും മയക്കുവെടിവച്ച് ഉൾവനത്തിലേക്ക് മാറ്റണമെന്നും പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.