കൊച്ചി/പറവൂർ: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചാത്താപമില്ലെന്ന് പ്രതി ഋതു ജയന്. ജിതിന് ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്നാണ് പ്രതി ഋതു തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞത്. പ്രതിയെ ഇന്നു രാവിലെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അക്രമണം നടത്തിയത് ഏതുവിധത്തിലായിരുന്നെന്ന് പ്രതി പോലീസിന് കാണിച്ചു കൊടുത്തു.
ഇതിനായി പ്രതി കൊലക്ക് ഉപയോഗിച്ച തരത്തിലുള്ള കമ്പിവടി കരുതിയിരുന്നു. ഇതുമായി ഇയാളുടെ വീട്ടിൽ നിന്ന് ഇറങ്ങുന്നതും വീടിന് എതിർവശത്തുള്ള മരിച്ച കാട്ടിപറമ്പിൽ വേണുവിന്റെ വീട്ടിലേക്ക് പോകുന്നതും വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെയും, ഗുരുതരാവസ്ഥയിലുള്ള ജിതിനെയും തലയ്ക്ക് അടിച്ചത് എങ്ങനെയെന്ന് പ്രതി കാണിച്ചുകൊടുത്തു.
പോലീസ് നേരത്തേ കമ്പിവടി കണ്ടെടുത്ത സ്ഥലത്ത് തുടന്ന് പ്രതി വടി എറിഞ്ഞുകളഞ്ഞു. ഫിംഗർപ്രിന്റ് വിദഗ്ധരും പോലീസിനൊപ്പം ഉണ്ടായിരുന്നു.ജനരോഷം ഭയന്ന് ദ്രുതഗതിയിലാണ് അന്വേഷണ സംഘം കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയത്.
പ്രതിയുടെ തിരിച്ചറിയല്‍ പരേഡും വൈദ്യ പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. നാളെ ഋതുവിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. ജിതിന് ബോസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്.
പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ല ; മുനമ്പം ഡിവൈഎസ്പി
അതേസമയം, പ്രതി ഋതുവിന് മറ്റ് മാനസിക പ്രശ്നങ്ങളില്ലെന്ന് അന്വേഷണോദ്യോഗസ്ഥനായ മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന് പറഞ്ഞു. കുറ്റകൃത്യം നടത്തുന്നതിനെ കുറിച്ച് ഇയാള്‍ മുമ്പ് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. ഈ സുഹൃത്തുക്കളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. ഇയാള്‍ താല്‍ക്കാലികമായി ലഹരി വിമുക്തി ചികിത്സ നടത്തിയതായും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 16ന് ആണ് പേരേപ്പാടത്ത് കാട്ടിപറമ്പില്‍ വേണു (65)ഭാര്യ ഉഷ (58) മകള്‍ വിനീഷ(32) എന്നിവരെ വീട്ടില്‍ക്കയറി അയല്‍വാസിയായ ഋതു ജയന് തലയ്ക്ക് ഇരുമ്പ് വടികൊണ്ട് ക്രൂരമായി അടിച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വിനീഷയുടെ ഭര്‍ത്താവാണ് ജിതിന് ബോസ്.