ന്യൂഡല്‍ഹി: അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിയമവിരുദ്ധമായി കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രാജ്യം സജ്ജമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ഇന്ത്യന്‍ പ്രതിനിധിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ നിയമവിരുദ്ധ കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയം ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് എസ്. ജയശങ്കറിന്റെ പ്രതികരണം.
മതിയായ രേഖകളില്ലാതെ 18,000 ഇന്ത്യക്കാർ യുഎസില്‍ ഉണ്ടെന്നും അവരെ ഉടൻ തിരിച്ചയക്കേണ്ടി വരുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇവരിൽ ഭൂരിഭാഗവും പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അമേരിക്കയുടെ ഈ ആവശ്യം വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചിരിക്കുകയാണ്.
2023ല്‍ പുറത്തുവന്ന യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ 2.2 ലക്ഷം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അമേരിക്കയിലുണ്ടെന്നാണ് കണക്ക്.