കൊച്ചി: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ ആദ്യ സംഘം ഡെറാഡൂണിലെത്തി
. നെടുന്പാശേരിയിൽ നിന്ന് ഇന്നലെ പുലർച്ചെ 5.45നുള്ള എയർ ഇന്ത്യ വിമാനത്തിൽ മൂന്ന് കളിക്കാരും രണ്ട് ഒഫീഷൽസുമടങ്ങുന്ന ട്രയാത്ലണ് സംഘമാണ് ദേശീയ ഗെയിംസിനായി ആദ്യം തിരിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെ ഈ സംഘം ഡെറാഡൂണിലെ ജോളി ഗ്രാൻഡ് എയർപോർട്ടിൽ വിമാനമിറങ്ങി. തുടർന്നു ട്രെയിൻ മാർഗം ട്രയാത്ലണ് മത്സരവേദിയായ ഹൽദ്വാനിയിൽ എത്തിച്ചേർന്നു.
രാവിലെ 8.25നു ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയ സംഘത്തിന് ഉച്ചയ്ക്ക് 1.30നായിരുന്നു കണക്ഷൻ ഫ്ളൈറ്റ്. ഉച്ചയ്ക്കുശേഷം മൂന്നോടെ ഡെറാഡൂണിലെത്തിയ സംഘം രാത്രി 11.30ന് ട്രെയിൻ മാർഗം ഹൽദ്വാനിയിലേക്ക് പുറപ്പെട്ടു. ഹൽദ്വാനിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ 28, 29, 30 തീയതികളിലാണ് ട്രയാത്ലണ് മത്സരം.
ആറ് കളിക്കാരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. ഇതിൽ വി.ബി. സേതു ലക്ഷ്മി, എം. സാന്ദ്രജ, ജെ.കെ. ഫ്രാൻസിസ് എന്നിവരും ടീം ഒഫീഷൽസായ പി.എസ്. പ്രസാദും കെ. ഷീബയുമാണ് ഇന്നലെ ഗെയിംസ് നഗരത്തിൽ എത്തിയത്.
മറ്റു ടീമംഗങ്ങളായ എസ്. ഹരിപ്രിയ, കെ. മുഹമ്മദ് റോഷൻ, സിദ്ധാർഥ് സുധീർ എന്നിവർ മറ്റ് സംസ്ഥാനങ്ങളിലെ പരിശീലനങ്ങൾക്കുശേഷം ഉത്തരാഖണ്ഡിലെത്തിയിരുന്നു.
മെഡൽ പ്രതീക്ഷയുമായാണ് ടീം യാത്ര തിരിക്കുന്നതെന്ന് പരിശീലകൻ പ്രസാദ് പറഞ്ഞു. ഇതാദ്യമായാണ് സർക്കാർ ചെലവിൽ ദേശീയ ഗെയിംസിനുള്ള താരങ്ങൾക്കു വിമാനയാത്ര ഒരുക്കിയത്.