കോട്ടയം: തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്‍സന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇയാൾ ഇപ്പോൾ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്.48 മണിക്കൂര്‍ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്നു തന്നെ പ്രതിയുടെ അറസ്റ്റ് കഠിനകുളം പോലീസ് രേഖപ്പെടുത്തും.
ഡോക്ടർമാരുടെ നിർദേശമനുസരിച്ചായിരിക്കും പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി മജിസ്ട്രേറ്റ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കഠിനംകുളം പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം തന്നെ എത്തിയിരുന്നു. കുറിച്ചിയിലുള്ള ഒരു വീട്ടില്‍ ഹോം നഴ്സായി ജോലി ചെയ്യുന്നതിനിടയിലാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തി ആതിരയെ കൊലപ്പെടുത്തിയത്.
പീന്നിട് തിരികെ ഇവിടെ എത്തി ജോലിയില്‍ തുടരുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ വിഷം കഴിച്ചശേഷം ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊല്ലപ്പെട്ട ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ് ജോണ്സണ് ഔസേപ്പ്. കൊല്ലം സ്വദേശിയായ ഇയാള്‍ ഭാര്യയുടെ നാടായ എറണാകുളത്തെ ചെല്ലാനത്താണു താമസം.
അഞ്ചു വര്‍ഷം മുന്‍പു ഈ ബന്ധം വേര്‍പെടുത്തിയിരുന്നു. ഏഴു മാസം മുന്‍പ് ജോണ്‍സനെക്കുറിച്ച് ആതിര പറഞ്ഞിരുന്നതായി ഭര്‍ത്താവ് രാജേഷ് പോലീസിനോടു പറഞ്ഞിരുന്നു. കഴിഞ്ഞ 21നു രാവിലെ 11.30നാണു കായംകുളം സ്വദേശിയായ ആതിരയെ ഭര്‍തൃവീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ 5.30ന് അമ്പലത്തില്‍ പൂജയ്ക്കുപോയ രാജേഷ് മടങ്ങിയെത്തിയപ്പോഴായിരുന്നു മരിച്ച നിലയില്‍ ആതിരെ കണ്ടെത്തിയത്. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ചു തനിക്കൊപ്പം വരണമെന്നാണ് ഇയാള്‍ ആതിരയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആതിര ഇതു നിഷേധിച്ചതോടെയാണ് കൊലപാതകം നടത്തിയത്.