കോട്ട (രാജസ്ഥാൻ): വീടു പണയപ്പെടുത്തി പതിനഞ്ചുലക്ഷം വായ്പയെടുത്തു പഠിച്ച ഭാര്യ കേന്ദ്രസർക്കാർ ജോലി ലഭിച്ചതോടെ തന്നെ ഉപേക്ഷിച്ചെന്ന പരാതിയുമായി യുവാവ്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. റെയില്‍വേയില്‍ ജോലിയിൽ പ്രവേശിച്ചതിനു പിന്നാലെ യുവതി തന്നെ ഉപേക്ഷിക്കുക ആയിരുന്നുവെന്ന് ഭര്‍ത്താവ് മനീഷ് മീണ നല്കിയ പരാതിയില്‍ പറയുന്നു.
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയാണ് സ്വപ്ന ജയിച്ചതെന്ന് ചൂണ്ടിക്കാട്ടി കോട്ട ഡിവിഷനിലെ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ ഓഫിസർക്കു നല്കിയ പരാതിയിലാണ് മനീഷ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്നയ്ക്കുവേണ്ടി പരീക്ഷയെഴുതിയത് മറ്റൊരാളെന്നും പരാതിയിലുണ്ട്.
പരാതിയെത്തുടർന്ന് സ്വപ്നയെ സസ്പെൻഡ് ചെയ്തതായും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു. സവായ് മധോപുർ സ്വദേശിയായ സ്വപ്ന കോട്ടയിലെ ഡിആർഎം ഓഫിസിന്റെ കീഴിലായിരുന്നു ജോലി ചെയ്തിരുന്നത്.
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് 2019 ലെ ഗ്രൂപ്പ് ഡി തസ്തികയിലേക്ക് നടത്തിയ പരീക്ഷയിലാണ് സ്വപ്ന ജയിച്ചത്. നിയമനം ലഭിച്ചതിന് പിന്നാലെ സ്വപ്ന പരിശീലനത്തിനായി 2023 ഏപ്രിലിൽ ഹരിയാനയിലെ സിർസയിലേക്ക് പോയി. സ്വപ്നയെ ആദ്യം ബിക്കാനീറിലാണു നിയമിച്ചത്. പിന്നീട് കോട്ടയിലേക്കു മാറുകയായിരുന്നു.