ചാത്തന്നൂർ: കെഎസ്ആർടിസി ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ടിവി കളിലൂടെ സംപ്രേഷണം ചെയ്യും. കെഎസ്ആർടിസിയുടെ ബസുകളിൽ ടി വി ഇല്ലാത്തതിനാൽ കെ-സ്വിഫ്റ്റിന്റെ ബസുകളിലാണ് പരസ്യ സംപ്രേക്ഷണം നടത്തുന്നത്. കെ-സ്വിഫ്റ്റിന്റെ ബസുകൾ കെഎസ്ആർടിസി വാടകയ്ക്ക് എടുത്ത് സർവീസ് നടത്തുന്നതാണ്. ഫെബ്രുവരി മുതൽ പരസ്യ സംപ്രേക്ഷണം തുടങ്ങും.
കെഎസ്ആർടിസി യുടെ മാർക്കറ്റിംഗ് വിഭാഗം പരസ്യങ്ങൾക്കായി സജീവമായി രംഗത്തുണ്ട്. ഇതിനകം തന്നെ നിരവധി സ്ഥാപനങ്ങൾ മാർക്കറ്റിംഗ് വിഭാഗത്തോട് സഹകരിച്ചിട്ടുമുണ്ട്. പരസ്യങ്ങൾ സജ്ജമായിട്ടുള്ളതിനാൽ ഇനി സംപ്രേക്ഷണം നീട്ടികൊണ്ട് പോകേണ്ട എന്ന നിലപാടാണ് മാർക്കറ്റിംഗ് വിഭാഗത്തിന്. ബസുകളിലെ എല്ലാ ടിവികളുടെയും പ്രവർത്തനക്ഷമത പരിശോധിച്ച് ഉറപ്പുവരുത്താനും കേടുപാടുകളുള്ളവയുടെ അറ്റകുറ്റപണികൾ നടത്താനും ടെക്നിക്കൽ ഡയറക്ടർ നിർദ്ദേശം നല്കി.30 -ന് മുമ്പ് ടിവികൾ എല്ലാം സജ്ജമാക്കിയിരിക്കണം.
തിരുവനന്തപുരം നഗരത്തിലോടുന്ന 113 ഇലക്ട്രിക് ബസുകൾ,151 ദീർഘദൂര ബസുകൾ , 88 ഡീലക്സ് ബസുകൾ, 10 പ്രീമിയം ബസുകൾ എന്നിവയിലൂടെയാണ് പരസ്യ സംപ്രേക്ഷണം. ഏറ്റവും കുറഞ്ഞത് 10 ബസുകളിലെങ്കിലും പരസ്യം ചെയ്യണം. കൂടുതൽ ബസുകളിൽ പരസ്യം ചെയ്താൽ നിരക്കിളവുണ്ടാം. പരസ്യ ചിത്രം പരസ്യദാതാവ് തയാറാക്കി നല്കണം. പരസ്യതുകയോടൊപ്പം 18 ശതമാനം ജി എസ് ടിയും അടയ്ക്കണം.
പരസ്യങ്ങൾക്ക് രണ്ട് തരം നിരക്കാണ്. ഇലക്ട്രിക് ബസുകളിൽ ഒരു മാസത്തേയ്ക്ക് 7000 രൂപ, മൂന്ന് മാസത്തേയ്ക്ക് 18000 , ആറ് മാസത്തേയ്ക്ക് 35000, ഒമ്പത് മാസത്തേയ്ക്ക് 50000,ഒരു വർഷത്തേയ്ക്ക് 75000 . ദീർഘദൂര സർവീസുകളിൽ ഒരു മാസത്തേയ്ക്ക് 14,000 രൂപ, മൂന്ന് മാസത്തേയ്ക്ക് 35000,ആറ് മാസത്തേയ്ക്ക് 75000 ,ഒമ്പത് മാസത്തെയ്ക്ക് ഒരു ലക്ഷം, ഒരു വർഷത്തേയ്ക്ക് ഒന്നര ലക്ഷം എന്നിങ്ങനെയാണ് 10ബസുകൾക്കുള്ള നിരക്കുകൾ.
പ്രദീപ് ചാത്തന്നൂർ