വയനാട്: പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. കടുവയെ പിടികൂടുന്ന ദൗത്യത്തിനിടെ ആർആർടി അംഗത്തിന് പരുക്കേറ്റു. മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് കൈക്ക് പരിക്കേറ്റത്.
ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ജയസൂര്യയുടെ കയ്യിൽ കടുവ മാന്തുകയായിരുന്നു. തറാട്ട് ഭാഗത്ത് കടുവാ തിരച്ചിലിനു ഇറങ്ങിയ സംഘാംഗമാണ് ജയസൂര്യ. സ്ഥലത്ത് കടുവയെ കണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘം ഇവിടേക്ക് എത്തിയത്.
രാധ കൊല്ലപ്പെട്ട പ്രദേശത്തിന് സമീപത്താണ് ആർആർടി അംഗത്തിന് നേരെയും കടുവ ആക്രമിച്ചത്. 20 അംഗ ആർആർടിയും 8 പേരടങ്ങുന്ന എട്ട് സംഘങ്ങളായാണ് ഇന്ന് കടുവയ്ക്കായി തിരച്ചിൽ ആരംഭിച്ചിരുന്നത്. പഞ്ചാരക്കൊല്ലിയിലേയും പരിസരത്തെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.