സന്തോഷ് പണ്ഡിറ്റിനെ ഫഌവേഴ്സ് ചാനലിന്റെ പരിപാടിക്കിടയില്‍ അപമാനിച്ചെന്ന് ആരോപിച്ച് മിമിക്രിക്കാര്ക്കെതിരേ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധമായിരുന്നു. പല മിമിക്രിക്കാരും ട്രോളിന്റെ ഇരയായി. പരിഹാസവും തെറിവിളിയും അതിരുവിട്ടതോടെ ചിലര്‍ പോലീസില്‍ പരാതി നല്കി. മിമിക്രി, സിനിമ താരം ഏലൂര്‍ ജോര്‍ജും അക്കൂട്ടത്തില്‍പ്പെടുന്നു. ജോര്‍ജിന്റെ പേജില്‍ വന്ന് അസഭ്യം പറഞ്ഞയാള്‍ക്കെതിരേ നല്കിയ പരാതിയില്‍ പോലീസിന്റെ അന്വേഷണം പക്ഷേ കോമഡി സിനിമയിലേതുപോലെയായി.
ഭാര്യയ്ക്കൊപ്പം നില്ക്കുന്ന ഫോട്ടോയുടെ കീഴില്‍ കമന്റിട്ടതിന് ഏലൂര്‍ ജോര്‍ജിന്‍െറ പരാതിയിലാണ് ഏലൂര്‍ പോലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവന്തപുരം പാറശാല പുത്തന്‍വീട്ടില്‍ അമര്‍ജിത്ത് രാധാകൃഷ്ണ( 25) നെതിരേ പോലീസ് കേസെടുത്തു. അമര്‍ജിത്തിനെ അന്വേഷിച്ച് പോലീസ് നാടുമുഴുവന്‍ വലവിരിച്ചു. അന്വേഷിക്കാന്‍ ഒരിടവും ബാക്കിയില്ല. അമര്‍ജിത്തിന്റെ ഫോണ്‍ സ്വിച്ചോഫും.
പ്രതിയെ കിട്ടാത്തതിന്റെ വിഷമത്തില്‍ പോലീസുകാര്‍ തിരികെ സ്റ്റേഷനിലെത്തുമ്പോഴാണ് പ്രതി സമാനമായ മറ്റൊരു കേസില്‍ കൊച്ചി സെന്‍ട്രല്‍ പോലീസിന്റെ പിടിയിലാണെന്ന് അറിയുന്നത്. ഫേസ്ബുക്ക് വഴി യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിലെ പ്രതിയാണ് അമര്‍ജിത്ത്.