ഒറ്റപ്പാലം: വിദ്യാര്‍ഥികളെ അടിമകളാക്കുന്ന ചൈനീസ് മയക്കുമരുന്നു സ്പ്രേകള്‍ക്കെതിരേ പോലീസ് മുന്നറിയിപ്പ്. എക്സൈസ്, പോലീസ് വ്യാപക റെയ്ഡിനു തയാ റെടുക്കുന്നു. ചൈനീസ് സാധന സാമഗ്രികളുടെ കുത്തൊഴുക്കു നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനിടെയാണു വരുംതലമുറയെ മുഴുവന്‍ നശിപ്പിക്കുന്നതിലേക്കു നയിക്കുന്ന മയക്കുമരുന്നു സ്പ്രേകള്‍ ഇവര്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു വിപണിയിലെത്തിച്ച ഈ ആളെക്കൊല്ലി സ്പ്രേ മുതിര്‍ന്നവരും ഉപയോഗിക്കുന്നതായാണു പോലീസ് പറയുന്നത്. പത്തുരൂപയാണു ഒരു സ്പ്രേയ്ക്കു വില.
ഒരു കുപ്പിയില്‍ 22 മില്ലി സ്പ്രേയാണുള്ളത്. ചൈനയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ഓറഞ്ച്, മുന്തിരി, സ്ട്രോബറി രുചികളിലുള്ളതാണിത്. കുട്ടികളില്‍ ഇവയുടെ വില്പന വ്യാപകമായ പശ്ചാത്തലത്തിലാണു ചില വിദ്യാലയ അധികൃതര്‍ ഇതിനെതിരേ പരാതി നല്‍കിയത്. ഇതുപയോഗിച്ചാല്‍ കുട്ടികളില്‍ അമിതമായ ക്ഷീണവും തലകറക്കവും അനുഭവപ്പെടും. ഒന്നിലും ശ്രദ്ധിക്കാന്‍ പിന്നീടവര്‍ക്കു കഴിയില്ല. ഇതോടെ കുട്ടികള്‍ പഠനത്തില്‍നിന്നു പിറകോട്ടുപോകും. പിന്നീടിതിന് അടിമകളായി തീരുകയും ചെയ്യും. സ്കൂളുകള്‍ക്കു സമീപത്തുണ്ടായിരുന്ന പാന്‍മസാല വിപണി തകര്‍ന്നതോടെയാണു പുതിയ കച്ചവടവുമായി ഇവര്‍ ഇറങ്ങിയിരിക്കുന്നത്.
മൗത്ത് വാഷ്പോലെ വായിലേക്കു സ്പ്രേ ചെയ്യുന്നതാണിത്. ആദ്യം രുചി അറിയുമെങ്കിലും ക്രമേണ മന്ദഗതയിലേക്കു നീങ്ങും. വിവിധനിറങ്ങളിലും ഗന്ധങ്ങളിലുമാണ് സ്പ്രേയുള്ളത്.സൂപ്പര്‍ സ്പ്രേ കാന്‍ഡി എന്ന പേരാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ദൂഷ്യങ്ങളൊന്നും അറിയാതെയാണു കടക്കാര് ഇതു വിറ്റഴിക്കുന്നത്. ലോഡു കണക്കിനാണ് ഇത്തരത്തിലുള്ള സ്പ്രേകള്‍ കേരളത്തിലെത്തുന്നതെന്നാണു പോലീസ് നല്കുന്ന സൂചന.
എക്സൈസ് വകുപ്പിനും ഇതുസംബന്ധിച്ചു നിരവധി പരാതി ലഭിച്ചിട്ടുണ്ട്. പോലീസ്, എക്സൈസ് അധികൃതര്‍ വരുംദിവസങ്ങളില്‍ ശക്തമായ പരിശോധന നടത്തുമെന്നാണ് വിവരം. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വര്ണക്കടലാസുകളില് പൊതിഞ്ഞ ഇത്തരം സ്പ്രേകള്‍ വില്പന നടത്തുന്നതായി വിവരം ലഭിച്ചാല്‍ എക്സൈസ്, പോലീസ് അധികൃതരെ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.