ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തിനിടെ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്ത് ആരാധകഹൃദയങ്ങൾ കീഴടക്കിയ ബോളിവുഡ് സൂപ്പർ താരം മമത കുൽക്കർണി ഇനി ആത്മീയപാതയിൽ. അന്പത്തിരണ്ടുകാരിയായ മമത മഹാകുംഭമേളയില്‍ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചു.
കിന്നര്‍ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച താരം യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി അഖാഡയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ടായിരുന്നു. ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇക്കഴിഞ്ഞ വെള്ളിയാഴ്ച നിര്‍വഹിച്ചു. ഏറെക്കാലമായി സിനിമാമേഖലയില്‍നിന്നു വിട്ടുനില്‍ക്കുന്ന മമത വിവാഹത്തിനു ശേഷം കെനിയയിലാണു താമസിച്ചിരുന്നത്. 25 വര്‍ഷത്തിനുശേഷം ഈ മാസമാദ്യമാണ് മമത ഇന്ത്യയിലെത്തിയത്.
ഒരുകാലത്ത് ബോളിവുഡിനെ ത്രസിപ്പിച്ച സുന്ദരിയാണ് മമത. തൊണ്ണൂറുകളിലെ യുവാക്കളുടെ ഹരമായിരുന്ന മമത ഷാരൂഖ് ഖാന്, സല്മാന് ഖാന്, ഗോവിന്ദ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മത്സരിച്ച് അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക് സിനിമകളുടെയും ഭാഗമായി. മലയാളത്തില്‍ ചന്ദാമാമ എന്ന സിനിമയിലെ ഗാനരംഗത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം നൃത്തം ചെയ്തിട്ടുണ്ട്. 2016ല്‍ മമതയും ഭര്‍ത്താവ് വിക്കി ഗോസ്വാമയും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടത് നടിയുടെ പ്രശസ്തിയില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു.
താനെയില്‍നിന്ന് പിടികൂടിയ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിലാണ് ഇരുവരുടെയും പങ്ക് കണ്ടെത്തിയത്. 2,000 കോടി രൂപയുടെ ലഹരിക്കേസിലാണ് താരം ഉള്‍പ്പെട്ടത്. ഈ കേസ് പിന്നീട് ബോംബെ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
വിവാഹശേഷം കെനിയയില്‍ സെറ്റിഡല്ഡായിരുന്ന മമത അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവിനെക്കുറിച്ച് മമത കുല്ക്കര്ണിതന്നെയാണ് വെളിപ്പെടുത്തിയത്. അടുത്ത കുറച്ചുദിവസങ്ങളിലെ തന്റെ ആത്മീയ യാത്രകളുടെ വിവരവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.