കൊല്ലം: ഒരു രാജ്യം, ഒരു സമയം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യൻ സ്റ്റാൻഡാർഡ് ടൈം (ഐഎസ്ടി) നിർബന്ധിതമാക്കുന്നതിനുള കരട് വ്യവസ്ഥകൾ തയാറാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു.നിയമപരവും ഭരണപരവും വാണിജ്യപരവും സാമ്പത്തികവുമായ പ്രവർത്തനങ്ങൾക്ക് ഐഎസ്ടി നിർബന്ധ സമയ റഫറൻസായി മാറ്റും. അംഗീകാരത്തിന് വിധേയമായി ചില പ്രത്യേക മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ടൈം കീപ്പിംഗ് രാജ്യത്തുടനീളം ഏകീകൃതമാക്കുന്നതിൻ്റെ ഭാഗമായാണിത്.ഇതുമായി ബന്ധപ്പെട്ട് ദേശീയ ഉപഭോക്തൃകാര്യ മന്ത്രാലയം ഫെബ്രുവരി 14 -നകം പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും തേടും.കരട് ചട്ടം അനുസരിച്ച് കൊമേഴ്സ്, ട്രാൻസ്പോർട്ട്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, നിയമപരമായ കരാറുകൾ തുടങ്ങിയവ ഉൾപ്പെടെ എല്ലാ മേഖലകളിലും ഐഎസ്ടി നിർബന്ധിത സമയ റഫറൻസ് ആയിരിക്കും.
ഇത് പ്രാബല്യത്തിൽ വരുന്നതോടെ നിലവിലുള്ള ഇതര സമയ റഫറൻസുകൾക്ക് തുടർന്ന് സാധുത ഉണ്ടായിരിക്കില്ല.ചട്ടം നിലവിൽ വന്നു കഴിഞ്ഞാൽ സർക്കാർ ഓഫീസുകളിലും പൊതു സ്ഥാപനങ്ങളിലും ഐഎസ്ടി നിർബന്ധമായും പ്രദർശിപ്പിക്കണം.വിശ്വാസ്യതയും സൈബർ സുരക്ഷയും അടക്കമുള്ള കാര്യങ്ങളിൽ സമയ ഏകോപന സംവിധാനങ്ങളുടെ ആവശ്യകത കരട് ചട്ടത്തിലെ പ്രധാന വ്യവസ്ഥയിൽ ഉൾപ്പെടുന്നു.
ടെലി കമ്യൂണിക്കേഷൻ, ബാങ്കിംഗ്, പ്രതിരോധം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങി വളർന്നു വരുന്ന സാങ്കേതിക വിദ്യകൾ ഉൾപ്പെടെയുള്ള നിർണായക ദേശീയ അടിസ്ഥാന സൗകര്യങ്ങളിൽ കൃത്യമായ സമയ പാലനം ഉറപ്പാക്കാനാണ് സർക്കാരിന്റെ ഈ തീരുമാനം.തന്ത്രപരവും അല്ലാത്തതുമായ എല്ലാ മേഖലകൾക്കും നാനോ സെക്കൻ്റ് കൃത്യതയോടെയുള്ള സമയം അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം.
കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിക്ക് വിധേയമായി നാവിഗേഷൻ, ശാസ്ത്ര ഗവേഷണം തുടങ്ങിയ ചില പ്രത്യേക മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കാനും തീരുമാനമുണ്ട്.ഉപഭോക്തൃകാര്യ വകുപ്പ് നാഷണൽ ഫിസിക്കൽ ലബോറട്ടറിയുമായും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനുമായും സഹകരിച്ചായിരിയും സമയ കൃത്യതാ വ്യാപന സംവിധാനം വികസിപ്പിക്കുക.
ഇത് നടപ്പിലാക്കി കഴിഞ്ഞാൽ നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തും. എല്ലാ മേഖലകളിലും സമയ കൃത്യത പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സമയ ബന്ധിത ഓഡിറ്റുകൾ നടത്താനും സർക്കാരിന് പദ്ധതിയുണ്ട്.
- എസ്.ആർ. സുധീർ കുമാർ