പത്തനംതിട്ട: അടിസ്ഥാനവര്‍ഗങ്ങളെ മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ സര്ക്കാരിനില്ലന്ന് മന്ത്രി ജെ. ചിഞ്ചു റാണി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ മൃഗസംരക്ഷണ ചികിത്സാരംഗം സമാനതകളില്ലാതെ മുന്നേറുകയാണ്. വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനമെന്ന കര്‍ഷകരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു. സമൂഹത്തിന്റെ താഴെതട്ടിലുള്ളവരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു. കാര്‍ഷിക മൃഗസംരക്ഷണമേഖലയില്‍ കാലികള്‍ക്ക് ഇന്‍ഷ്വറന്‍സ്, രോഗപ്രതിരോധ കുത്തിവയ്പുകള്‍ എന്നിവ നല്കി. ബാങ്ക് വായ്പകളുടെ പലിശ സര്‍ക്കാര്‍ അടച്ചു. അധിക പാല്‍സംഭരണ പാല്‍പ്പൊടി ഫാക്ടറി യഥാര്‍ഥ്യമാക്കി. വ്യവസായ റാങ്ക്പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആരോഗ്യരംഗത്തും നമ്മള് മാതൃകയാണെന്നു മന്ത്രി പറഞ്ഞു.
കേരളം നേരിടുന്ന വലിയ സാമൂഹിക വിപത്താണ് ലഹരി. ഇതിനെതിരേ സംസ്ഥാന സര്‍ക്കാരും പൊതുസമൂഹവും നടത്തിയ പോരാട്ടങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. ഈ ജനകീയ പോരാട്ടത്തെ ഇടര്‍ച്ചയില്ലാതെ തുടര്‍ ദൗത്യമായി നാം എറ്റെടുക്കണമെന്നും മന്ത്രി ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.
പെരുനാട് പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജി. വിഷ്ണുവായിരുന്നു പരേഡ് കമാന്‍ഡര്‍. പോലിസ്, ഫയര്‍ഫോഴ്സ്, എന്‍സിസി, എസ്പിസി, സ്കൗട്ട്സ്, ഗൈഡ്സ്, ജൂണിയര്‍ റെഡ്ക്രോസ്, ബാന്‍ഡ് എന്നിവ മന്ത്രിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചു. കുട്ടികളുടെ ഡിസ്പ്ലേ, ദേശഭക്തി ഗാനാലാപനം എന്നിവ നടന്നു. വിവിധ ഇനങ്ങളില്‍ വിജയികളായവര്‍ക്ക് മന്ത്രി സമ്മാനം വിതരണം ചെയ്തു.
ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, ജില്ലാ പോലിസ് മേധാവി വി.ജി. വിനോദ്കുമാര്‍, നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, എഡിഎം ബി. ജ്യോതി, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ സിന്ധു ജോണ്‍സ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.