മൂന്നാർ: ഇരവികുളം നാഷണൽ പാർക്കിൽ ഫെബ്രുവരി ഒന്നു മുതൽ സന്ദർശകർക്ക് താത്കാലികമായി വിലക്ക് ഏർപ്പെടുത്തും. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ചാണ് പാർക്ക് താത്കാലികമായി അടയ്ക്കുന്നത്.
നവജാത വരയാട്ടിൻകുട്ടികളെ കണ്ടെത്തിയതിനെത്തുടർന്നാണ് പാർക്ക് അടയ്ക്കുന്നത്. മാർച്ച് 30 വരെയാണ് താത്കാലിക വിലക്ക്.
ഏപ്രിൽ ഒന്നു മുതൽ സന്ദർശകർക്ക് പാർക്കിൽ പ്രവേശിക്കാം. ജനുവരിയുടെ രണ്ടാം പാദം മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിലാണ് വരയാടുകളുടെ പ്രസവകാലം.
അപൂർവ ഇനമായ വരയാടുകൾക്ക് പ്രസവസമയത്ത് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് പാർക്ക് അടച്ചിടുന്നത്.
നിശ്ചിത സമയത്തിനുള്ളിൽ പ്രജനനം പൂർത്തിയാകാത്ത പക്ഷം പാർക്ക് വീണ്ടും തുറക്കുന്ന തീയതിയിൽ മാറ്റം വന്നേക്കും.
കഴിഞ്ഞ നാലുവർഷത്തെ കണക്കനുസരിച്ച് വംശനാശം നേരിട്ടിരുന്ന വരയാടുകളിൽ ഗണ്യമായി വർധനയുണ്ടെന്നാണ് തെളിഞ്ഞിട്ടുള്ളത്.
കഴിഞ്ഞ നാലുവർഷങ്ങളിൽ ശരാശരി 70 മുതൽ 100 വരെ വരയാട്ടിൻകുട്ടികൾ പിറക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.