ആലപ്പുഴ: കാണികളില്‍ വിസ്മയക്കാഴ്ച ഒരുക്കാന്‍ ചക്കുളത്തുകാവ് കാവടി സംഘം ചൈനയിലേക്ക് തിരിച്ചു. ചക്കുളത്തുകാവ് ശ്രീ ബ്രഹ്മ കലാസമിതിയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് കാവടി തുള്ളലിന് ചൈനയിലേക്ക് യാത്ര തിരിച്ചത്.
ചൈനയില്‍ നടക്കുന്ന ലോക രാജ്യങ്ങളുടെ കലാപരിപാടികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് കാവടി സംഘത്തിന് ക്ഷണം ലഭിച്ചത്. ഇറ്റലിയിലെ ഇവന്റ് കമ്പനിയാണ് സംഘത്തെ സ്പോണ്സര് ചെയ്യുന്നത്.
വി.എസ്. സച്ചിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് ചൈനയിലേക്ക് യാത്ര തിരിച്ചത്. വിഷ്ണുവിന്റെ ശിക്ഷണത്തില്‍ 12 വര്‍ഷമായി കാവടി- കരകാട്ടം അഭ്യസിച്ചുവരുന്ന സംഘത്തില്‍ വിഷ്ണുവിനൊപ്പം സുധി, മിഥുന്, മനീഷ്, സുരാജ്, അഭിരാജ്, രാഹുല്‍, ദീപക്, ശിവദാസ്, സൂരജ്, ബിനോയ്, വിഷ്ണു, അനന്ദു എന്നിവരാണുള്ളത്.
സോഷ്യല്‍ മീഡിയയില്‍ സുപരിചിതനായ അഫ്സല് ചക്കുളമാണ് സംഘത്തിന്റെ പ്രമോട്ടര്‍. കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി സംഘത്തിന് ആശംസ അര്‍പ്പിച്ച് യാത്രയാക്കി.