പണ്ടൊക്കെ നമ്മുടെ ചെറുപ്പ കാലത്ത് അച്ഛനും അമ്മയുമൊക്കെ നമ്മളെ വഴക്ക് പറയുന്പോൾ ദൂരെ മാറി നിന്നു കരയാറുണ്ടായിരുന്ന ഒരു ബാല്യകാലം നമുക്കൊക്കെ ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കാലത്തെ കുട്ടികളോട് നമുക്കൊന്നും പറയാൻ പോലും മടിയും പേടിയുമൊക്കെയാണ്. കാരണംമറ്റൊന്നുമല്ല, കാലംമാറുന്നതനുസരിച്ച് തലമുറയ്ക്കും മാറ്റങ്ങൾ വന്നു തുടങ്ങി.
ഇപ്പോഴിതാ ഹോം വർക്ക് ചെയ്യാത്തതിന് അച്ഛൻ വഴക്ക് പറഞ്ഞപ്പോൾ മകൻ തിരിച്ച് ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധ്യ ചൈനയിലെ യോങ്യിംഗ് പ്രവിശ്യയിലാണ് സംഭവം. ഹോം വര്‍ക്ക് ചെയ്യാതെ മകൻ കളിച്ച് നടക്കുന്നത് കണ്ട അച്ഛൻ അവനോട് കളി മതിയാക്കി പോയിരുന്നു പഠിക്കാൻ ആവശ്യപ്പെട്ടു.
അച്ഛന്റെ വഴക്ക് പറച്ചില് അസഹനീയമായതോടെ മകന് വീട്ടില്‍ നിന്നും ഇറങ്ങി അടുത്തുള്ള ഒരു കടയില്‍ ചെന്നു. അവിടെ എത്തി അവൻ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. അച്ഛന് മയക്കുമരുന്നായ ഓപ്പിയം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അവനവരെ അറിയിച്ചു. പിന്നീട് കടയിൽ നിന്നും കുട്ടി തിരിച്ച് വീട്ടിലേക്ക് പോയി. കുട്ടി തിരിച്ചെത്തി കുറച്ച് സമയത്തിനു ശേഷം അവിടേക്ക് പോലീസ് വന്നു. അപ്രതീക്ഷിതമായി പോലീസെത്തുന്നത് കണ്ട വീട്ടുകാർ കാര്യം തിരക്കി.
നിങ്ങളുടെ വീട്ടിൽ മയക്ക് മരുന്ന് സൂക്ഷിച്ച് വച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാലാണ് ഞങ്ങൾ ഇവിടേക്ക് എത്തിയതെന്ന് പോലീസ് പറഞ്ഞു. പരിശോധനയില്‍ ഉണങ്ങിയ ഓപ്പിയത്തിന്റെ എട്ട് തൊണ്ടുകൾ പോലീസ് കണ്ടെടുത്തു. ചൈനയില്‍ ലഹരിക്കായി ഓപ്പിയം ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.
മരുന്നിനായാണ് താൻ അത് സൂക്ഷിക്കുന്നതെന്ന് പറഞ്ഞ് നോക്കിയിട്ടും പോലീസ് വിശ്വസിച്ചില്ല. അവർ അദ്ദേഹത്തെ ലഹരി വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. അതേസമയം കുട്ടിയുടെ സ്വകാര്യതയെ മാനിച്ച് പോലീസ് കുട്ടിയുടെയോ അച്ഛന്റേയോ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.