ന്യൂയോർക്ക്: ഒരു രോഗിയുടെ എക്സ്-റേ കണ്ട ഡോക്ടർ അന്പരന്നു പോയി! രോഗിയുടെ ശരീരമാസകലം നാടവിരയുടെ ലാർവകൾ! അമേരിക്കയിലാണു സംഭവം. ശാരീരികാസ്വസ്ഥതകളുമായാണു രോഗി ആശുപത്രിയിലെത്തിയത്. ഡോക്ടർ എക്സ്-റേ എടുക്കാൻ നിർദേശിച്ചു. എക്സ് റേ പരിശോധിച്ചപ്പോഴാണ് അവിശ്വസനീയ കാഴ്ച ശ്രദ്ധയിൽപ്പെട്ടത്.
തന്റെ മെഡിക്കൽ കരിയറിൽ ആദ്യമായാണ് ഇത്തരമൊരു രോഗസാഹചര്യത്തെ അഭിമുഖീകരിക്കുന്നതെന്നു ഡോ. സാം ഘാലി എക്സിൽ കുറിച്ചു. എക്സ്-റേയുടെ ചിത്രവും ഡോക്ടർ പങ്കുവച്ചു. ‘സിസ്റ്റിസെർകോസിസ്’ എന്ന രോഗമാണിത്. ടീനിയ സോളിയം എന്ന നാടവിരയുടെ ലാർവകൾ ദേഹമാസകലം പടരുന്നതാണ് ഈ രോഗാവസ്ഥ. നന്നായി പാകം ചെയ്യാത്ത പന്നി മാംസം കഴിക്കുന്നതിലൂടെയാണ് ഈ രോഗം പിടിപെടുന്നതെന്നു ഡോ. ഘാലി പറഞ്ഞു.
പന്നിമാംസത്തിലൂടെ ഉള്ളിൽ ചെല്ലുന്ന നാടവിര മനുഷ്യന്റെ കുടലിൽ ആഴ്ചകൾക്കുള്ളിൽ വളർന്നുവികസിക്കും. ലാർവകൾ ടിഷ്യൂകളിലേക്കു പ്രവേശിക്കുന്നതുമൂലമാണു സിസ്റ്റിസെർകോസിസ് രോഗം ഉണ്ടാകുന്നത്. ഇത്തരം പരാദവിരകൾ ഒരാളിൽനിന്നു മറ്റുള്ളവരിലേക്ക് എളുപ്പത്തിൽ പടരും. വിരബാധയുള്ളവർ ശുചിമുറികൾ ഉപയോഗിച്ചശേഷം ഡിറ്റർജന്റുകൾ ഉപയോഗിച്ചു നന്നായി വൃത്തിയാക്കണം. മലം കലർന്ന വെള്ളത്തിലൂടെയും രോഗം പടരാം. തെറ്റായരീതിയിൽ ഭക്ഷണം തയാറാക്കുന്നതിന്റെ അനന്തരഫലങ്ങൾ ഓർമിപ്പിക്കാൻ ഈ എക്സ്-റേ ചിത്രം മതിയാകുമെന്നു സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചു.