ഒരിടവോളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തിയ നായികയായി നിറഞ്ഞുനില്ക്കുന്ന താരമാണ് തൃഷ കൃഷ്ണന്. അതിനിടെയാണ് തൃഷ അഭിനയം നിര്‍ത്തുന്നുവെന്ന അഭ്യൂഹം കഴിഞ്ഞ കുറച്ച് ദിവസമായി പുറത്തുവന്നത്. അഭിനയം അവസാനിപ്പിച്ച് തൃഷ നടന് വിജയ് ആരംഭിച്ച തമിഴ് വെട്രി കഴകം പാര്‍ട്ടിയില്‍ അംഗമാകും എന്നായിരുന്നു ഗോസിപ്പ്.
എന്നാല്‍ ഈ ഗോസിപ്പ് തള്ളികളയുകയാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണന്. തൃഷ അഭിനയം അവസാനിപ്പിക്കില്ലെന്നും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ഉമ കൃഷ്ണന് ഒരു ടെലിവിഷന്‍ ചാനലിനോടു പറഞ്ഞു. തൃഷ സിനിമയില്‍ തന്നെ തുടരും എന്നും ഉമ കൃഷ്ണന് പറഞ്ഞു. അഭിനയം നിര്‍ത്തി തമിഴ് വെട്രി കഴകം പാര്‍ട്ടിയില്‍ ചേരാന്‍ പോകുന്ന വിവരം അമ്മയോടാണ് തൃഷ ആദ്യം വെളിപ്പെടുത്തിയത് എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. ഇക്കാര്യത്തിലാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്.
ഇപ്പോള്‍ അര ഡസന്‍ സിനിമകളിലേറെ തൃഷ അഭിനയിക്കുന്നതും പുറത്തിറങ്ങാനുള്ളതുമായുണ്ട്. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്. ആ ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ ഫെബ്രുവരി ആറിന് അജിത്ത് നായകനായി എത്തുന്ന വിഡാമുയര്‍ച്ചി തിയേറ്ററുകളില്‍ എത്തും.
അജിത്തിനൊപ്പം തന്നെ അഭിനയിച്ച മറ്റൊരു ചിത്രമായ ഗുഡ് ബാഡ് അഗ്ലി ഏപ്രില്‍ 10ന് റിലീസ് ചെയ്യുമെന്നാണ് വിവരം. ഈ സിനിമ ആധിക് രവിചന്ദ്രന്‍ ആണ് സംവിധാനം ചെയ്യുന്നത്. തുടര്‍ന്ന് മണിരത്നം സംവിധാനം ചെയ്ത തഗ് ലൈഫ് എന്ന സിനിമയും താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കമല്ഹാസന്, ചിമ്പു എന്നിവര്‍ പ്രധാന കഥാപാത്രത്തില്‍ എത്തുന്ന തഗ് ലൈഫ് ഈ വര്‍ഷം ജൂണില്‍ റിലീസ് ചെയ്യും. നിലവില്‍ നടി തൃഷ അഭിനയിച്ച് വരുന്നത് സൂര്യ 45 ചിത്രത്തിലാണ്. ആര്.ജെ. ബാലാജിയാണു സംവിധാനം ചെയ്യുന്നത്. തെലുങ്കില്‍ ചിരഞ്ജീവിയുടെ നായികയായി വിശ്വഭംര എന്ന ചിത്രത്തിലും തൃഷ അഭിനയിച്ചു. ഈ ചിത്രവും ഉടന്‍ തിയേറ്ററുകളില്‍ എത്തും