കയ്റോ: മൂന്നു ബന്ദികളെക്കൂടി വെള്ളിയാഴ്ചയ്ക്കകം മോചിപ്പിക്കാമെന്ന് ഹമാസ് അറിയിച്ചതോടെ പലസ്തീനികൾക്കു വടക്കൻ ഗാസയിലേക്കു പോകാൻ ഇസ്രയേൽ അനുമതി നല്കി. വനിതാ ബന്ദിയായ അർബൽ യഹൂദ്, മറ്റു രണ്ടു പേർ എന്നിവരെ മോചിപ്പിക്കാമെന്നാണ് ഹമാസ് അറിയിച്ചത്.
ഹമാസ് ശനിയാഴ്ച അഞ്ചിനു പകരം നാലു ബന്ദികളെ മാത്രം മോചിപ്പിച്ച പശ്ചാത്തലത്തിലാണ് ഇസ്രേലി സേന വടക്കൻ ഗാസയിലേക്കുള്ള റോഡുകൾ ഉപരോധിച്ചത്. ഇസ്രേലി ആക്രമണങ്ങൾ മൂലം ഗാസയുടെ മറ്റു ഭാഗങ്ങളിലേക്കു പലായനം ചെയ്യേണ്ടിവന്ന വടക്കൻ ഗാസ നിവാസികൾക്ക് ശനിയാഴ്ച മുതൽ സ്വപ്രദേശങ്ങളിലേക്കു മടങ്ങാമെന്നായിരുന്നു വെടിനിർത്തൽ ധാരണയിൽ പറഞ്ഞിരുന്നത്.
എന്നാൽ, ഹമാസ് ശനിയാഴ്ച അർബൽ യഹൂദ് എന്ന വനിതാ ബന്ദിയെ വിട്ടയയ്ക്കാൻ കൂട്ടാക്കാതിരുന്നത് വെടിനിർത്തൽ ലംഘനമാണെന്നാരോപിച്ച ഇസ്രയേൽ വടക്കൻ ഗാസയിലേക്കുള്ള ജനനീക്കം തടയുകയായിരുന്നു. പ്രശ്നം പരിഹരിക്കാതെ റോഡുകൾ തുറക്കില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിനു പലസ്തീനികളാണ് വഴിയിൽ കുടുങ്ങിയത്.
മൂന്നു ബന്ദികളെക്കൂടി വിട്ടയയ്ക്കാമെന്ന് ഞായറാഴ്ച ഹമാസ് വാഗ്ദാനം ചെയ്തോടെ റോഡുകൾ വീണ്ടും തുറക്കാൻ ഇസ്രേലി സേന തയാറായി. ഇന്നലെ രാവിലെ റോഡുകൾ തുറന്നപ്പോൾ പലസ്തീൻകാർ വടക്കൻ ഗാസയിലേക്കു യാത്ര പുനരാരംഭിച്ചു. റോഡുകൾ തുറന്നു രണ്ടു മണിക്കൂറിനകം രണ്ടു ലക്ഷം പേരെങ്കിലും കാൽനടയായി വടക്കൻ ഗാസയിൽ പ്രവേശിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം വാഹനങ്ങളിൽ മടങ്ങുന്നവർ സ്വപ്രദേശങ്ങളിലെത്താൻ ദിവസങ്ങൾ വൈകിയേക്കും.