പാലക്കാട്: വിശന്നുവലഞ്ഞ അവസ്ഥയിലാണ് ചെന്താമര പോലീസിന്റെ പിടിയിലായത്. സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ വിശക്കുന്നെന്നും ചോറും ചിക്കനും വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. എന്നാല്‍ പോലീസ് ഇഡ്ഡലിയാണ് നല്‍കിയത്. തത്കാലം ഇതുകൊണ്ട് തൃപ്തിപ്പെടാനായിരുന്നു പോലീസിന്റെ നിര്‍ദേശം. ആര്‍ത്തിയോടെ കൂസലില്ലാതെയാണ് പ്രതി ഭക്ഷണം കഴിച്ചത്.
2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊന്നശേഷം കാണാതായ ചെന്താമരയെ തൊട്ടടുത്ത ദിവസംതന്നെ പോലീസ് പിടികൂടിയെങ്കിലും ഇരട്ടക്കൊലപാതകത്തിനു ശേഷം മുങ്ങിയ ഇയാളെ കണ്ടെത്താന്‍ പോലീസ് കഷ്ടപ്പെട്ടു. തമിഴ്നാട്ടിലും ഇയാള്‍ ജോലി ചെയ്ത മറ്റിടങ്ങളിലുമെല്ലാം പരിശോധന നടത്തിയ പോലീസ് പ്രദേശത്തെ കുളങ്ങളും കിണറുകളും വരെ അരിച്ചുപെറുക്കിയിരുന്നു.
പോത്തുണ്ടി വനമേഖലയിലും തെരച്ചില്‍ നടത്തി. തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ നൂറിലേറെപേര്‍ വരുന്ന സംഘമാണ് ചെന്താമരയ്ക്കായി തെരച്ചില്‍ നടത്തിയത്. കൊല്ലങ്കോട്ടുനിന്ന് അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം തിരുത്തംപാടം മേഖലയിലെ കുളം, പുഴ, വെള്ളക്കെട്ടുകള്‍, പാറമടകള്‍ എന്നിവ പരിശോധിച്ചു.
ചെന്താമരയുടെ മുറിയില്‍നിന്നു വിഷക്കുപ്പി കണ്ടെടുത്ത പശ്ചാത്തലത്തില്‍ ഇയാള്‍ വിഷം കഴിച്ചു വെള്ളത്തില്‍ ചാടിയിരിക്കുമെന്ന നിഗമനത്തിലായിരുന്നു പരിശോധന നടത്തിയത്.
നാട്ടുകാര്‍ക്കും പോലീസിനും ആശ്വാസം
നെന്മാറ: ചെന്താമരയെ രാത്രി വൈകി പിടികൂടിയതോടെ നാട്ടുകാര്‍ക്കൊപ്പം പോലീസിനും ആശ്വാസം. കേസില്‍ പോലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്ന ജില്ലാ പോലീസ് മേധാവി അജിത്കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു നെന്മാറ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.മഹേന്ദ്രസിംഹനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതി ചെന്താമര നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നും പ്രതിയില്‍നിന്നു ഭീഷണിയുണ്ടെന്ന വീട്ടുകാരുടെ പരാതി ഗൗരവത്തിലെടുത്തില്ലെന്നും എഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. അതോടെ അന്വേഷണസംഘം ഏറെ പ്രതിരോധത്തിലായി. എങ്കിലും രാത്രി വൈകി പോലീസ് തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിഷേധവുമായി സ്റ്റേഷന് പരിസരത്തു തമ്പടിച്ച നാട്ടുകാര്‍ക്കിടയിലൂടെ പ്രതിയെ രാത്രി സ്റ്റേഷനിലെത്തിക്കാനും പൊലീസ് ഏറെ പ്രയാസപ്പെട്ടു. രോഷാകുലരായ നാട്ടുകാര്‍ പ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഏറെ സാഹസികമായാണു പ്രതിയെ സ്റ്റേഷനിലേക്കു കയറ്റിയത്.
ഒരു പതര്‍ച്ചയുമില്ലാതെയാണ് പ്രതി മൊഴി നല്‍കിയത്. സ്റ്റേഷന് വളപ്പിനകത്ത് പോലീസും കോണ്‍ഗ്രസ് നേതാക്കളുമായി തര്‍ക്കം നടന്നു. രാത്രി വൈകി സ്ഥലത്തെത്തിയ കെ. ബാബു എംഎല്‍എ നാട്ടുകാരുടെ രോഷം തണുപ്പിക്കാന്‍ മുന്‍കൈയെടുത്തു.